Site icon onlinekeralanews.com

”ബിഹാർ സ്ത്രീകൾക്ക് സുരക്ഷിതമാണോ?” എതിർപ്പുകളും താക്കീതുകളും വകവെയ്ക്കാതെ ഞാൻ പോയി

ബീഹാറിലേക്ക് യാത്ര പോകു‌ന്നു എന്നു പറഞ്ഞപ്പോൾ മുതൽ നാലുപാടും നിന്ന് എതിർപ്പുകളും താക്കീതുകളും മാത്രമാണ് കേട്ടത്! “പറ്റിക്കുന്നവരുടെ നാടാണ്…”, “വൃത്തി ഒട്ടുമില്ല കേട്ടോ…!” “പെണ്ണുങ്ങൾക്കൊന്നും ജീവിക്കാൻ പറ്റില്ലെന്നാ കേട്ടെ…”, “അവിടെ എല്ലാരുടേം കൈയിൽ തോക്കുണ്ടെന്ന അറിഞ്ഞേ…” ഇങ്ങനെ എന്തൊക്കെയോ കുറേ കഥകൾ. സത്യം പറയാലോ! ഇച്ചിരി ഭയം എനിക്കുമുണ്ടായിരുന്നു. പക്ഷെ ഈ ഭയത്തിനുമപ്പുറമായിരുന്നു ബിഹാർ കാണണം എന്ന മോഹം. ഇന്ത്യയുടെ ചരിത്രം ബിഹാർ ഉൾപ്പെടുത്താതെ പറഞ്ഞാൽ അപൂർണമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ സർവകലാശാലയായ നളന്ദ, ലോകത്തിലെ ആദ്യ റിപ്പബ്ലിക് ആയ ലിച്ഛവി, ശ്രീബുദ്ധൻ നിർവാണമടഞ്ഞ ബോധ്ഗയ, ജൈനമതത്തിന്റെ ഈറ്റില്ലം എന്നിങ്ങനെ ബീഹാറിന് പ്രത്യേകതകൾ ഏറെയാണ്! ഒരു കാലത്ത് സംസ്‌കാരം കൊണ്ടും വിദ്യാഭ്യാസം കൊണ്ടുമൊക്കെ ഇത്രയധികം സമ്പന്നമായ ഒരു സ്ഥലം പിന്നീട് എങ്ങനെ ഈ പടുകുഴിയിലെത്തി എന്നത് എല്ലാക്കാലത്തും എന്നെ അലട്ടിയിരുന്ന ചോദ്യമാണ്. അങ്ങനെ ചുറ്റുമുള്ളവരുടെ ആശങ്കകൾക്ക് അധികം ചെവികൊടുക്കാതെ, ചരിത്രം പാടലീപുത്ര എന്ന് രേഖപ്പെടുത്തിയ പാട്‌നയിലേക്ക് ഒരു ടിക്കറ്റെടുത്തു. കൊച്ചിയിൽനിന്ന് ബാംഗ്ലൂർ, അവിടുന്ന് പാട്‌ന. ബാംഗ്ലൂർ ഫ്‌ളൈറ്റ് കുത്തിനിറച്ചതായിരുന്നെങ്കിൽ, പാട്‌ന ഫ്‌ളൈറ്റ് ഏറെക്കുറെ ഒഴിഞ്ഞതായിരുന്നു. കൊച്ചിയിൽ നിന്ന് എന്റെ കൂടെ കയറിയ കുറച്ച് അതിഥിതൊഴിലാളികളും പിന്നെ ബാംഗ്ലൂരിൽ നിന്ന് കയറിയ കുറച്ചുപേരും. നല്ലൊരു ഉറക്കം കഴിഞ്ഞപ്പോഴേക്കും പാട്‌ന എയർപോർട്ടിൽ എത്തി. ജനുവരി മാസമായതുകൊണ്ട് നേരിയൊരു തണുപ്പുണ്ട്. ഹോട്ടലിലെത്തി ചെക്ക് ഇൻ ചെയ്തതു, റിസപ്ഷനിസ്റ്റ് ഒരൊറ്റ പറച്ചിൽ!
“മാഡം! ഫോൺ സൂക്ഷിക്കണേ. ബൈക്കിൽ വന്ന് അടിച്ചോണ്ട് പോകുന്നത് സർവസാധാരണം ആണിവിടെ.” 
“നിനക്ക് പരിചയമുള്ള ആരുടെയെങ്കിലും ഫോൺ പോയോ?” അയാളുടെ കൂടെ നിന്ന മറ്റൊരു ചെറുപ്പക്കാരൻ ചോദിച്ചു. അയാൾ ഉത്തരം പറഞ്ഞില്ല.
“ഇവൻ യുപിക്കാരൻ ആണ് മാഡം. അതാ ഇങ്ങനെയൊക്കെ പറയുന്നെ. ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ് പാട്‌ന. നിങ്ങൾ ധൈര്യമായി പുറത്തിറങ്ങിക്കോളൂ.”

ബീഹാറിനോട് പൊതുവെ മറ്റു വടക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ ഒരു പുച്ഛം ഞാൻ പല യാത്രകളിലും ശ്രദ്ധിച്ചിട്ടുണ്ട്. അധികം സംസാരിക്കാൻ നിൽക്കാതെ ഞാൻ നേരെ മുറിയിലേക്ക് നടന്നു. നല്ല ക്ഷീണം!


Source link
Exit mobile version