നിയമവിരുദ്ധമെന്ന് സുപ്രീംകോടതിഭിന്നശേഷി നിയമനം: പരിധി വയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല

ന്യൂഡൽഹി: ഭിന്നശേഷി നിയമനങ്ങളിൽ ശാരീരിക വെല്ലുവിളിയുടെ തോതിന് ഉയർന്നപരിധി വയ്ക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമമനുസരിച്ച് ഈ വിഭാഗത്തിൽ സംവരണം ലഭിക്കാനുള്ള മാനദണ്ഡം കുറഞ്ഞത് 40 ശതമാനം ശാരീരിക വെല്ലുവിളിയാണ്. ഉയർന്നപരിധി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. നിയമനത്തിന് സംസ്ഥാന സർക്കാർ ഉയർന്നപരിധി വയ്ക്കുന്നത് നിയമത്തിന്റെ അന്ത:സത്തയ്ക്ക് വിരുദ്ധമാണ്. അങ്ങനെ പരിധി വയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് കൊണ്ടുവന്ന നിയമത്തെ മാറ്റിയെഴുതുന്നതിന് തുല്യമാണത്. കടുത്ത ശാരീരിക വെല്ലുവിളികളിലൂടെ കടന്നുപോകുകയാണെങ്കിലും, ഭിന്നശേഷിക്കാരന് ജോലി ചെയ്യാൻ കഴിവുണ്ടെങ്കിൽ നിയമിക്കണം.ഹിമാചലിലെ കേസിൽഹിമാചൽ പ്രദേശിലെ അഡ്വ. പ്രഭുകുമാറിനെ അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണി (എ.ഡി.എ) തസ്തികയിൽ നിയമിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് നിലപാട്. 2018ൽ ഹിമാചൽ പ്രദേശ് പി.എസ്.സി 24 എ.ഡി.എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അതിൽ 2 സീറ്റുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചു. 90% ചലനവൈകല്യമുണ്ടായിരുന്ന അഡ്വ. പ്രഭുകുമാർ സംവരണ തസ്തികയിലേക്ക് അപേക്ഷിച്ചു. എഴുത്തുപരീക്ഷയിൽ സംവരണ കാറ്റഗറിയിൽ ഒന്നാം സ്ഥാനത്തെത്തി. അഭിമുഖം കൂടി കഴിഞ്ഞപ്പോൾ നിയമനത്തിന് ഹിമാചൽ പി.എസ്.സി സർക്കാരിനോട് ശുപാർശ ചെയ്തു. എന്നാൽ 40 മുതൽ 60 ശതമാനം വരെ വൈകല്യമുള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് നിലപാടെടുത്ത് സർക്കാർ നിയമനം തടഞ്ഞുവച്ചു. ഹിമാചൽ പ്രദേശ് ഹൈക്കോടതിയെ അഭിഭാഷകൻ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന് സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു.
Source link



