ശബരിമല യുവതീപ്രവേശനംസർക്കാർ നിലപാട് എൽ.ഡി.എഫ് തീരുമാനിക്കും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലം എന്തായിരിക്കണമെന്ന് ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയശേഷം അംഗീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട് ഈമാസം 14നകം അറിയിക്കാനാണ് സുപ്രീംകോടതി നിർദ്ദേശം. ഈ സാഹചര്യത്തിലാണ് മന്ത്രിസഭായോഗം ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനമെടുക്കാൻ നിശ്ചയിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആചാരവുമായി ബന്ധപ്പെട്ട നിർണായക നിലപാട് മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കുന്നതാവും ഉചിതമെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. യുവതീപ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്താൻ ദേവസ്വം ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. 2019ലെ ബോർഡാണ് അനുകൂലിച്ചുള്ള സത്യവാങ്മൂലം നൽകിയിരുന്നത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാണ് ബോർഡിന്റെ പുതിയ നിലപാട്. സുപ്രീംകോടതി 2018ൽ പുറപ്പെടുവിച്ച യുവതീപ്രവേശനത്തിന് അനുകൂലമായ വിധിയെ എതിർക്കാനും തീരുമാനിച്ചിരുന്നു.മാർച്ച് 14നകം നിലപാടുകൾ എഴുതി നൽകണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 7 ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുൻപാകെയുള്ളത്. ഏപ്രിൽ 7ന് വാദം തുടങ്ങുമെന്നാണ് കോടതി വ്യക്തമാക്കിയത്.
Source link



