test del 2
ഹോർമുസിൽ ഉപരോധവുമായി ട്രംപ്; എണ്ണദൗർലഭ്യം ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കും, വിലക്കയറ്റം ഉണ്ടാകുമോ?

വാഷിങ്ടൺ: പാകിസ്താനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ കടുത്ത നടപടികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ട ഉടൻതന്നെ, ലോകത്തിലെ പ്രധാന ക്രൂഡ് ഓയിൽ കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലൂടെ പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ കപ്പലുകളും തടയാൻ ട്രംപ് യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകിക്കഴിഞ്ഞതായാണ് വിവരം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പാത ഉപരോധിക്കാനുള്ള തീരുമാനം ആഗോള വിപണിയെയും സുരക്ഷയെയും സാരമായി ബാധിച്ചേക്കും.ട്രംപിന്റെ ഈ കടുത്ത തീരുമാനം ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചേക്കുമെന്നാണ് ആശങ്ക. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ഗൾഫ് രാജ്യങ്ങളെയാണ്. ഹോർമുസിലെ ഉപരോധംമൂലം എണ്ണ വരവ് നിലച്ചാൽ അത് ഇന്ത്യയിൽ വിലക്കയറ്റത്തിനും സാന്പത്തിക പ്രതിസന്ധികൾക്കും വഴിതെളിച്ചേക്കാം. ഇന്ത്യക്കാവശ്യമായ അസംസ്കൃത എണ്ണയുടെ 80 ശതമാനവും മറ്റുരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നതാണ്. ഇതിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ് വരുന്നത്.ഹോർമുസിൽ ഉപരോധം നിലവിൽവന്നാൽ അത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ സാരമായി ബാധിക്കുകയും അതുവഴി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരാനും കാരണമാകും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും. രൂപയുടെ മൂല്യത്തെ ഇത് ബാധിച്ചേക്കാം. കൂടാതെ വ്യാപാര കമ്മി വർധിക്കാനും ഇത് കാരണമായേക്കാം.പ്രതിസന്ധി നേരിടാൻ ഇന്ത്യ തന്ത്രപരമായ ചില നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒമാൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളിൽ നിന്നുകൂടി എണ്ണ വാങ്ങുന്നതിനും ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.
Source link


