test del 2

ഹോർമുസിൽനിന്ന് മൈനുകൾ നീക്കം ചെയ്യാൻ തുടങ്ങിയെന്ന് യുഎസ് സൈന്യം; ഉടൻ തുറക്കുമെന്ന് ട്രംപ്


വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അമേരിക്കൻ സൈന്യം. ഹോർമുസിലെ കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഏപ്രിൽ 11-ന് അമേരിക്കൻ സൈനികർ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആണ് വ്യക്തമാക്കിയത്. ഇസ്ലാമാബാദിൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്, യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ മൈനുകൾ നീക്കം ചെയ്യാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുൻപ് സ്ഥാപിച്ച കടൽ മൈനുകൾ പൂർണ്ണമായും നീക്കം ചെയ്ത് ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി രണ്ട് കപ്പലുകൾ ഗൾഫിലെത്തിയതായി യുഎസ് കമാൻഡ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സന്നാഹങ്ങൾ ഈ ദൗത്യത്തിൽ പങ്കുചേരുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അമേരിക്കയുടെ ഈ നീക്കത്തോട് ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഹോർമുസിലെ കടൽ മൈനുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച സൈന്യത്തിന്റെ പ്രസ്താവന പുറത്തുവന്നത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ കുറിച്ചത്. ഇറാന്റെ നാവിക-വ്യോമ സേനകൾ ഉൾപ്പെടെയുള്ള സൈനിക ശേഷി അമേരിക്ക പൂർണ്ണമായും തകർത്തുവെന്നും അവരുടെ നേതൃത്വം ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.1979-ന് ശേഷം ഇതാദ്യമായി ഇറാനും യുഎസും മുഖാമുഖം വരുന്ന ഉന്നതതല നയതന്ത്ര ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കുകയാണ്. പാകിസ്താൻ ഇടനിലക്കാരായുള്ള ത്രികക്ഷി ചർച്ചകളാണ് നടക്കുന്നതെന്നാണ് വിവരം. യുഎസിന്റെ ഭാഗത്ത് നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. ഒരു ദിവസത്തെ ചർച്ചയാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും, ഒരു ദിവസം കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.


Source link

Back to top button