ഹോംകോ മരുന്ന് നിർമ്മാണ ഫാക്ടറി ഉദ്ഘാടനം നാളെ

ആലപ്പുഴ: കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റിവ് ഫാർമസി ലിമിറ്റഡിന്റെ (ഹോംകോ) നാലുനിലകളിലായുള്ള ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വീണാജോർജ് നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സഹകരണവകുപ്പ് രജിസ്ട്രാർ ഡി. സജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തും. വലിയ കലവൂരിൽ 2.41 ഏക്കറിൽ 91,373 ചതുരശ്ര അടിയിലാണ് പുതിയ ഫാക്ടറി സമുച്ചയം.
1978 മുതൽ മരുന്ന് നിർമാണം തുടങ്ങിയ ഹോംകോ ഇന്ത്യയിലെ തന്നെ പൊതുമേഖയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമാണ ഫാക്ടറിയാണ്. വാർത്താസമ്മേളനത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ഹോംകോ മാനേജിംഗ് ഡയറക്ടർ ഡോ.ആർ.ശോഭ ചന്ദ്രൻ, പ്രദീപ്കുമാർ, രാജിൻ പൊന്നപ്പൻ, വിഷ്ണു പ്രസേനൻ എന്നിവർ പങ്കെടുത്തു.
110 കോടിയുടെ മുതൽമുടക്ക്
അന്താരാഷ്ട്ര സി.ജി.എം.പി മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിക്കുന്ന ഫാക്ടറിയിൽ ഓയിൻമെന്റ്, ടാബ്ലെറ്റ്, മദർ ടിഞ്ചർ, ഡൈല്യൂഷൻ എന്നിവയുടെ നിർമാണ വിഭാഗങ്ങളും രണ്ട് അത്യാധുനിക ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ ഓയിൻമെന്റ്, ടാബ്ലൈറ്റ് വിഭാഗങ്ങളാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. പരിസ്ഥിതി സൗഹൃദമായി മലിനീകരണം കുറഞ്ഞ പി.എൻ.ജി ഇന്ധനമായി ഉപയോഗിക്കുന്ന ജില്ലയിലെ രണ്ടാമത്തെ സ്ഥാപനമാണ് ഹോംകോ.
300 ടി.ആർ കപ്പാസിറ്റിയുള്ള ചില്ലർ പ്ലാന്റ്, അത്യാധുനിക എച്ച്.വി.എ.സി സിസ്റ്റം, ഓട്ടോമേറ്റഡ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയിലൂടെ മരുന്ന് നിർമാണത്തിന്റെ ഗുണമേന്മ ഉറപ്പാക്കും.
11 കെ.വി ഡെഡിക്കേറ്റഡ് ഫീഡറും 1250 കെ.വി.എ ട്രാൻസ്ഫോർമറും വൈദ്യുതി തടസം ഒഴിവാക്കാൻ സജ്ജമാക്കിയിട്ടുണ്ട്. 110കോടി മുടക്കിയാണ് പുതിയ ഫാക്ടറി സമുച്ചയം നിർമ്മിച്ചത്.
ആയൂഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോംകോ കഴിഞ്ഞവർഷം 46കോടി രൂപ വിറ്റുവരവും 13കോടി രൂപ ലാഭവും നേടി
Source link



