LATEST

സ്വർണക്കൊള്ളയിൽ വിദേശ ബന്ധം: പത്മകുമാറിന്റെയും വാസുവിന്റെയും വിദേശയാത്രകളിൽ അന്വേഷണം

 പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചു

ശങ്കരദാസും വിജയകുമാറും
അറസ്റ്റലാവും; മാപ്പുസാക്ഷിയാവും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഇടപാടുകൾ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചും നടന്നെന്ന് നിഗമനം. അന്വേഷണം അവിടങ്ങളിലേക്കും എസ്.ഐ.ടി വ്യാപിപ്പിക്കും. അറസ്റ്റിലായ പത്മകുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകളിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പണമിടപാടിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ പത്മകുമാറിന്റെയും വാസുവിന്റെയും വിദേശ ഇടപാടുകളെ കുറിച്ച് സംശയമുയർന്നത്. പത്മകുമാറിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്തു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവരും വിദേശയാത്രകൾ നടത്തിയിരുന്നതായി സംശയം ഉയർന്നിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയില്ലാതെ ഇവർ നടത്തിയ യാത്രകൾക്ക് സ്വർണകൊള്ളയുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.

വിദേശത്തുള്ള ഇരുവരുടെയും അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

അതേസമയം, 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള ആലോചനയും അന്വേഷണ സംഘം തുടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മാപ്പുസാക്ഷികളാക്കിയേക്കും. പത്മകുമാർ മിനിട്സ് തിരുത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് അംഗങ്ങളായ ശങ്കരദാസും വിജയകുമാറും മൊഴി നൽകിയിട്ടുണ്ടെങ്കിലും അതേ മിനിട്സിൽ ഇരുവരും ഒപ്പിട്ടിട്ടുണ്ട്.അതിനാൽ ഉത്തരവാദിത്വത്തിൽ നിന്ന് പൂർണമായി ഒഴിയാനാകില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവരെ മാപ്പുസാക്ഷിയാക്കിയാൽ പത്മകുമാറിനെതിരായ തെളിവ് ശക്തമാക്കാം.

പത്മകുമാറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണസംഘം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. ഇന്ന് തന്നെ കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് സൂചന. കട്ടിളപ്പടിയിലെ സ്വർണക്കൊള്ളയിൽ ആർക്കെല്ലാം പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ അറിയാനാകും.

പത്മകുമാറിനെതിരെ പാർട്ടി നടപടിക്ക് നീക്കം

ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട പാർട്ടി നേതാക്കളെ സി.പി.എം കൈവിടും. മുൻ എം.എൽ.എയും പത്തനംതിട്ട സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എ.പത്മകുമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം.

എട്ടാം പ്രതിയായ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തിയാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകർ ജനങ്ങളോട് എന്തു മറുപടി പറയുമെന്നതാണ് ജില്ലാ നേതൃത്വത്തെ കുഴയ്ക്കുന്നത്. പ്രതിവിധി കടുത്ത നടപടി മാത്രമെന്നാണ് വിലയിരുത്തൽ.

നാളെ എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ഉയർന്നുവരാം.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യാനാണ് സാദ്ധ്യത.

പത്മകുമാറിനെ സംരക്ഷിക്കുകയോ തള്ളിപ്പറയുകയോ വേണ്ടെന്ന നിലപാടാണ് ശനിയാഴ്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് അറിയിച്ചിരുന്നത്. അന്വേഷണ സംഘം കുറ്റ പത്രം സമർപ്പിക്കും വരെ പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപിത നിലപാട്.

ഇത്തരം അഴകൊഴമ്പൻ നിലപാടുകൾ ജനങ്ങളിൽ കടുത്ത അനിഷ്ടം സൃഷ്ടിക്കുമെന്നും ജില്ലാ നേതൃത്വം കരുതുന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button