സർക്കാർ 10 ലക്ഷം രൂപയുടെ അവാർഡ് നൽകി, നല്ലകണ്ണ് 105000 ആയി തിരിച്ചു നൽകി

കോവളം സതീഷ്‌കുമാർ | Thursday 26 February, 2026 | 12:02 AM
നല്ലകണ്ണ് പാർട്ടിക്കു മുമ്പെ ജനിച്ചു, മുന്നിൽ നിന്നു നയിച്ചു
ചെന്നൈ: 2022ൽ തമിഴ്നാട് സർക്കാരിന്റെ പരമോന്നത ബഹുമതിയായ 10 ലക്ഷം രൂപയുടെ ‘താകൈസൽ തമിഴർ’ (സ്റ്റേറ്റ് മാൻ ) അവാർഡ് നൽകിയത് സി.പി.ഐ നേതാവ് ആർ.നല്ലകണ്ണിനായിരുന്നു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫലകത്തിനൊപ്പം പുരസ്കാര തുകയും കൈമാറി. അടുത്ത നിമിഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപയുടെ അധിക തുകയും ചേർത്ത് 10,5000 രൂപ നല്ലകണ്ണു തിരികെ നൽകി!
അതാണ് ഇന്നലെ അന്തരിച്ച നല്ലകണ്ണ്. മറ്റ് അവസരങ്ങളിൽ കിട്ടിയ പുരസ്കാരങ്ങളുടെ തുകയും അദ്ദേഹം തിരിച്ചു നൽകിയിട്ടുണ്ട്.
സ്വന്തമായി വീടില്ലാത്തപ്പോഴായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഏക വരുമാനം പാർട്ടിയിൽ നിന്നുള്ള പ്രതിമാസ അലവൻസും വിരമിച്ച സർക്കാർ അദ്ധ്യാപികയായ ഭാര്യയുടെ 4,500 രൂപ പെൻഷനുമായിരുന്നു.
കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 2007ലാണ് സംസ്ഥാന ഹൗസിംഗ് ബോർഡിനുകീഴിൽ വീട് അനുവദിച്ചത്. സൗജന്യ താമസം ആദർശത്തിന് എതിരായതിനാൽ ചെറിയ വാടക നൽകി വരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പിറവി ദിനവും നല്ലകണ്ണിന്റെ ജന്മദിനവും ഡിസംബർ 26. നല്ലകണ്ണിന്റെ ആദ്യപിറന്നാൾ ദിനമായ 1925 ഡിസംബർ 26നാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ആരംഭിച്ചത്. നല്ലകണ്ണ് പിന്നീട് അറിയപ്പെടുന്ന സി.പി.ഐ നേതാവായത് യാദൃച്ഛികം.
25 വർഷം കർഷക യൂണിയൻ നേതാവായും 13 വർഷം (1992-2005) സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്ഠിച്ച നല്ലകണ്ണ് ഈ അടുത്ത കാലം വരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഏതാനും മാസം മുൻപ് നല്ലകണ്ണ് അസുഖബാധിതനായി ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു. പിന്നീട് ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞു. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് ജനനം.
കുട്ടിക്കാലത്ത് കോൺഗ്രസിനോടായിരുന്നു താത്പര്യം. പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടായി.
സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കാളിയായ നല്ലകണ്ണ് 25 വയസുള്ളപ്പോൾ, തമിഴ്നാട്ടിലുടനീളം കർഷക യൂണിയനുകൾ കെട്ടിപ്പടുക്കുന്നതിനിൽ മുന്നിൽ നിന്നു. 1940കൾ പ്രക്ഷുബ്ധമായ സമയങ്ങളായിരുന്നു. ഒരു വശത്ത്, സ്വാതന്ത്ര്യസമരം അതിന്റെ ഉച്ചസ്ഥായിയിൽ. മറുവശത്ത്, കമ്മ്യൂണിസ്റ്റ് നേതാക്കൾ ഫ്യൂഡൽ ഭൂവുടമകൾക്കെതിരായ വർഗസമരങ്ങൾക്ക് നേതൃത്വം നൽകാൻ തുടങ്ങി.
ശ്രീനിവാസ് റാവുവിനൊപ്പം സംസ്ഥാനത്തുടനീളം കിസാൻ സഭയുടെ അടിത്തറകൾ സൃഷ്ടിച്ചത് നല്ലക്കണ്ണാണ്.
1952ൽ, നെല്ലായി ഗൂഢലോചന കേസിൽ ഉൾപ്പെട്ടതിന് നല്ലക്കണ്ണുവിനെ ഏഴ് വർഷം ജയിലിലടച്ചു. പാർട്ടി 1964ൽ സി.പി.ഐ രണ്ടായി പിളർന്നപ്പോൾ ‘ഭിന്നത എന്റെ ഹൃദയം തകർത്തു” എന്നാണ് നല്ലക്കണ്ണ് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ നല്ലകണ്ണിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, സി.പി.ഐ ജനറൽ സെക്രട്ടറി എ.രാജ, ടി.വി.കെ പ്രസിഡന്റ് വിജയ്, വി.സി.കെ നേതാവ് തിരുമാളവൻ തുടങ്ങിയവർ സി.പി.ഐ ആസ്ഥാനത്തെത്തി അന്തിമോപചാരമർപ്പിച്ചു.
Source link



