സ്വർണവില ഉടൻ ലക്ഷം തൊടും; പവൻ വില കുതിക്കുന്നു, ഇന്നുമാത്രം കൂടിയത് 600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 600 രൂപ കൂടി 98,800 രൂപയും ഗ്രാമിന് 75 രൂപ കൂടി 12,350 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ പവന് 98,200 രൂപയും ഗ്രാമിന് 12,275 രൂപയുമായിരുന്നു. ഡിസംബർ പന്ത്രണ്ടോടെയാണ് പവന് 98,000 കടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒമ്പതിനായിരുന്നു. അന്ന് പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു.
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും ഇന്ത്യയിലെ സ്വർണവിലയുടെ കുതിപ്പിന് കാരണമാകുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4327 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ഇതിനേക്കാള്‍ വർദ്ധനവുണ്ടായെങ്കിലും വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നതോടെ വില കുറഞ്ഞു. ഇന്ന് വീണ്ടും ഉയരുകയാണ്. ഡോളറിനെതിരെ 90.55 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപയുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പവൻ വില ഉടൻതന്നെ ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
അതേസമയം, ഇന്നത്തെ വെള്ളിവിലയിലും വൻവർദ്ധനവാണുണ്ടായത്. ഗ്രാമിന് 213 രൂപയും കിലോഗ്രാമിന് 2,13,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 210 രൂപയും കിലോഗ്രാമിന് 2,10,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
Source link



