LATEST

സ്മൃതി മാന്ഥന ക്രിക്കറ്റ് പരിശീലനം പുനരാരംഭിച്ചു

മുംബയ്: സംഗീതസംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പരിശീലനത്തിലേക്ക് മടങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മാന്ഥന. ഒരു സ്വകാര്യ ഗ്രൗണ്ടിൽ സ്മൃതി ബാറ്റിംഗ് പരിശീലനത്തിൽ ഏർപ്പെടുന്ന ചിത്രം താരത്തിന്റെ സഹോദരൻ ശ്രാവൺ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

ജീവിതത്തിലെ ദുഷ്‌കരമായ സമയത്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതിൽ നിരവധി പേരാണ് സ്മൃതിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തുന്നത്. സ്മൃതിയുടെ സമർപ്പണത്തെ പലരും പ്രശംസിക്കുന്നുമുണ്ട്.ഡിസംബർ 21-ന് ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ട്വന്റി-20 പരമ്പരയാണ് ഇനി സ്മൃതിക്ക് മുന്നിലുള്ളത്. ഇതിന് മുന്നോടിയായാണ് താരം പരിശീലനം ആരംഭിച്ചിരിക്കുന്നത്.

നവംബർ 23ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവച്ചാണ് പലാഷുമായുള്ള വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മാന്ഥനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ തലേന്ന് വിവാഹം മാറ്റിവച്ചു. വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടെ പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നു. ഇതറിഞ്ഞാണ് സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ സ്മൃതിയുടെയോ പലാഷിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമുണ്ടായിരുന്നില്ല. ഇന്നലെയാണ് വിവാഹം വേണ്ടെന്നുവച്ചതായി സ്മൃതി അറിയിച്ചത്. പിന്നാലെ പലാഷും ഇക്കാര്യം സ്ഥിരീകരിച്ചു.

2019ലാണ് സ്മൃതിയും പലാഷും പ്രണയത്തിലായത്. 2024ൽ പ്രണയത്തിന്റെ അഞ്ച് വർഷം പൂർത്തിയായതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരും ഇത് പരസ്യമാക്കിയത്. വിവാഹം മാറ്റിയതിനു പിന്നാലെ സ്മൃതിയും സുഹൃത്തുക്കളായ ഇന്ത്യൻ താരങ്ങളും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽനിന്നു നീക്കിയിരുന്നു.


Source link

Related Articles

Leave a Reply

Back to top button