‘സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നത് തികഞ്ഞ ഭ്രാന്താണ്, പ്രചരിക്കുന്നതെല്ലാം എന്റെ ചിത്രങ്ങളല്ല’

അടുത്ത ദിവസങ്ങളിലായി ആകാശനീല സാരിയിൽ വളരെ സിംപിൾ ലുക്കിലുള്ള മനോഹര ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് മറാത്തി നടിയായ ഗിരിജാ ഓക്. ലെല്ലൻ ടോപ്പ് എന്ന മാദ്ധ്യമത്തിന് നൽകിയ താരത്തിന്റെ അഭിമുഖത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് പിന്നീട് വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ, ‘ദി വുമൺ ഇൻ ദി ബ്ലൂ സാരി’ എന്ന കാപ്ഷനിലും അല്ലാതെയും ഇന്റർനെറ്റിൽ പ്രചരിക്കുന്ന എല്ലാ ചിത്രങ്ങളും തന്റേതല്ലെന്നും അത് എഐ ജനറേറ്രഡ് ചിത്രങ്ങളാണെന്നും തുറന്ന് പറയുകയാണ് ഗിരിജാ ഓക്ക്. വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് ഇന്റർനെറ്റിൽ തനിക്ക് ലഭിച്ച അമിതമായ ശ്രദ്ധയെക്കുറിച്ച് താരം ഇൻസ്‌റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചു.
‘കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നത് തികഞ്ഞ ഭ്രാന്താണ്. അത് ഭ്രാന്ത് മാത്രമല്ല, മികച്ചൊരു കാര്യവുമാണ്. പെട്ടെന്ന്, എനിക്ക് വളരെയധികം ശ്രദ്ധ ലഭിച്ചു, അതേസമയം അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസിലാക്കാനാണ് ഞാൻ ശ്രമിക്കുന്നത്,” അവർ പറഞ്ഞു.
ആരാധകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒഴുകിയെത്തുന്ന സ്നേഹത്തിന് അവർ നന്ദി പറഞ്ഞു. ‘എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കുന്നു. ഇൻസ്റ്റാഗ്രാമിലോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ എന്റെ പോസ്റ്റുകൾ കണ്ട ആളുകളിൽ നിന്നുള്ള മനോഹരമായ അഭിപ്രായങ്ങൾ, സന്ദേശങ്ങൾ, ഫോൺ കോളുകൾ. എനിക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ അളവ് കാണുമ്പോൾ അത് അതിശയകരമാണ്. എന്റെ നിരവധി സുഹൃത്തുക്കൾ, ബന്ധുക്കൾ, എനിക്കറിയാവുന്ന ആളുകൾ എല്ലാവരും എനിക്ക് ഒരുപാട് പോസ്റ്റുകളും മീമുകളും അയച്ചിട്ടുണ്ട് – അവയിൽ ചിലത് അവിശ്വസനീയമാംവിധം രസകരവും വളരെ കലാപരവുമാണ്,” അവർ പറഞ്ഞു.
ഡിജിറ്റൽ യുഗത്തിലെ വൈറൽ പ്രശസ്തിയുടെ അസ്വസ്ഥമായ സ്വഭാവത്തെക്കുറിച്ചും താരം സംസാരിച്ചു. ‘ഞാനും ഇക്കാലത്ത് ജീവിക്കുന്ന ഒരാളാണ്. ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്ക് പൂർണ്ണമായി അറിയാം. എന്തെങ്കിലും വൈറലാകുമ്പോൾ, എന്തെങ്കിലും ട്രെൻഡാകുമ്പോൾ, അതിനോട് ബന്ധമുള്ള ചിത്രങ്ങൾ പലരും കൃതൃമമായി നിർമ്മിക്കുന്നു. ആളുകൾ അവ തിരഞ്ഞെത്തുമ്പോൾ നിങ്ങളുടെ പോസ്‌റ്റുകൾ വൈറലാകും. അത് നിങ്ങളുടെ ഉദ്ദേശ്യം നിറവേറ്റുന്നു. ഈ ഗെയിം എങ്ങനെ കളിക്കണമെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ ഈ ഗെയിമിന് നിയമങ്ങളൊന്നുമില്ല’ ഗിരിജ കൂട്ടിച്ചേർത്തു.
Source link



