സെെബർ അധിക്ഷേപ കേസിൽ ജാമ്യമില്ല; രാഹുൽ ഈശ്വർ ജയിലിലേക്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പൂജപ്പുര സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുന്നത്.
അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് രാഹുലിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ലെന്നും നോട്ടീസ് നൽകിയത് പോലും പിടികൂടി കൊണ്ട് വന്നശേഷമാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. എന്നാൽ നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം.
ഇന്നലെ വെെകിട്ടാണ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ ചേർത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി. ഇന്നലെ വൈകിട്ട് അഞ്ചോടെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നന്ദാവനം എ ആർ ക്യാമ്പിലെ സൈബർ പൊലീസ് സ്റ്റേഷനിലും പൊലീസ് ട്രെയിനിംഗ് കോളേജിലുമെത്തിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഒൻപതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ പിടിച്ചെടുത്തു. പോസ്റ്റ് ചെയ്ത വീഡിയോ കണ്ടെത്തി. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ, അഡ്വ.ദീപ ജോസഫ്, പാലക്കാട് സ്വദേശിയായ വ്ലോഗർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Source link



