‘സെലിബ്രിറ്റികൾക്ക് നാട്ടിലൊരു വിലയുമില്ല; തന്റെ സെലിബ്രിറ്റി സ്റ്റാറ്റസുപയോഗിച്ച് വോട്ട് പിടിക്കില്ല’

കൊച്ചി: താൻ ആരെയും പറഞ്ഞുപറ്റിക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ തന്നെ പിടിച്ചുനിർത്തി അടിച്ചോളൂവെന്നും തൃക്കാക്കരയിലെ ട്വിന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ. മത്സരിക്കുന്നത് ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാനാണ്. സെലിബ്രിറ്റികൾക്ക് നാട്ടിലൊരു വിലയുമില്ല. തന്റെ സെലിബ്രിറ്റി സ്റ്റാറ്റസുപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തോടായിരുന്നു പ്രതികരണം.സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിൽ നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലാണ് എൻഡിഎയുടെ ഭാഗമായ ട്വന്റി20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അടുത്തിടെയാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി20യുടെ ഭാഗമായത്. കൊട്ടാരക്കരയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽ മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രചരണം.47 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി കഴിഞ്ഞദിവസം പുറത്തുവിട്ടത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ പ്രസിഡന്റുമാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവർക്ക് പുറമെ ശോഭാ സുരേന്ദ്രൻ, അനൂപ് ആന്റണി, സന്ദീപ് വാചസ്പദി തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സി.പി.ഐ വിട്ട സി.സി.മുകുന്ദൻ നാട്ടികയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാവും. അതേസമയം സി.പി.എം.വിട്ട ജി.സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ അരുൺ അനിരുദ്ധനാണ് സ്ഥാനാർത്ഥി. സി.കൃഷ്ണകുമാറിനെ പാലക്കാട് നിന്ന് മലമ്പുഴയിലേക്ക് മാറ്റി. ആർ.ശ്രീലേഖയാണ് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി. കുമ്മനം രാജശേഖരൻ, പി.എസ്.ശ്രീധരൻപിള്ള, ബി.ഗോപാലകൃഷ്ണൻ, എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പട്ടികയിലില്ല.
Source link



