CINEMA

സുകുമാരൻ നൽകിയത് രണ്ട് മുണ്ടുകൾ,​ പക്ഷേ വിസ്മയിപ്പിച്ചത് പൃഥ്വിരാജ് തന്ന സമ്മാനമെന്ന് സിദ്ധു പനയ്ക്കൽ

സമ്മാനങ്ങൾ ലഭിക്കുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. പ്രിയപ്പെട്ടവരുടെ കൈയിൽ നിന്ന് ലഭിക്കുന്നതാകുമ്പോൾ ആ സമ്മാനത്തോട് ഇഷ്ടം കൂടും. ഇത്തരത്തിൽ തനിക്ക് ലഭിച്ച സമ്മാനങ്ങളെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ആദ്യമായി സമ്മാനം ലഭിച്ചത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ അളിയൻ മദ്രാസിൽ നിന്ന കൊടുത്തയച്ച സർണനിറമുള്ള പേനയാണെന്ന് സിദ്ധു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഒരു സൂപ്പർ സ്റ്റാറിൽ നിന്ന് ലഭിച്ച ആദ്യസമ്മാനം പടയണിയുടെ സെറ്റിൽ വച്ച് നടൻ സുകുമാരനിൽ നിന്നാണെന്നും അദ്ദേഹം പറയുന്നു. സുകുമാരൻ അന്ന് സമ്മാനിച്ച രണ്ടുമുണ്ടുകൾ വ 40 വർഷങ്ങൾക്കിപ്പുറവും സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തന്നെ വിസ്മയിപ്പിച്ചത് പൃഥ്വിരാജ് തന്ന സമ്മാനമാണെന്നും സിദ്ധു തന്റെ കുറിപ്പിൽ പറയുന്നു. 2008ൽ ​ തനിക്ക് കാർ ഇല്ലാത്ത സമയത്ത് ഒരു കാർ ആയിരുന്നു രാജുവിന്റെ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധു പനയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സമ്മാനങ്ങൾ ലഭിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അത് പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും. ആദ്യം എനിക്ക് കിട്ടിയ സമ്മാനം ഹൈസ്കൂളിൽ പഠിക്കുമ്പോൾ അളിയൻ മദ്രാസിൽ നിന്ന് കൊടുത്തയച്ച സ്വർണക്കളറുള്ള ഒരു പേനയാണ്.

പടയണിയുടെ പ്രൊഡക്ഷൻ മാനേജരായി സുകുമാരൻ സാറിനടുത്തെത്തിയപ്പോൾ,അദ്ദേഹം ആദ്യം എനിക്ക് സമ്മാനിച്ചത് രണ്ടു മുണ്ടാണ്. ആ കാലത്തെ സൂപ്പർസ്റ്റാറിൽ നിന്ന് ലഭിച്ച ആദ്യ സമ്മാനം അമൂല്യമായ നിധിയായി 40 വർഷങ്ങൾക്കിപ്പുറവും ഞാൻ സൂക്ഷിക്കുന്നു.

മല്ലിക ചേച്ചിയിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾക്ക് കയ്യും കണക്കുമില്ല. ഇന്നും ചേച്ചി വിദേശത്ത് പോയി വരുമ്പോൾ എനിക്കും കുടുംബത്തിനും ഉള്ള സമ്മാനങ്ങളുമായാണ് തിരിച്ചു വരാറ്. ഓണത്തിനും വിഷുവിനും ചേച്ചിയുടെ പ്രത്യേക സമ്മാനങ്ങൾ വേറെ. ഞാൻ തിരുവനന്തപുരത്തേക്ക് കുടുംബത്തോടു കൂടി താമസം മാറി. ഇവിടെ വന്ന് എന്റെ മൂത്ത മകന് ആദ്യമായി സമ്മാനം കൊടുത്തത് ഇന്ദ്രജിത്താണ്. അവന്റെ പിറന്നാൾദിനത്തിൽ ഒരു സൈക്കിൾ.

പൃഥ്വിരാജിന്റെ സമ്മാനമാണ് എന്ന് വിസ്മയിപ്പിച്ചു കളഞ്ഞത്. എനിക്ക് കാർ ഇല്ലാത്ത കാലത്ത് ഒരു കാർ ആയിരുന്നു രാജുവിന്റെ സമ്മാനം 2008 ൽ.

എന്റെ ഇളയ മകൻ ഉണ്ണി ചെറിയ കുട്ടിയാണ് അന്ന്. അവൻ എന്നോട് ചോദിച്ചു എല്ലാവർക്കും കാറുണ്ടല്ലോ അച്ഛന് എന്താ കാർ ഇല്ലാത്തത്. ഈ സംസാരം മല്ലിക ചേച്ചിയുടെ ചെവിയിൽ എത്തുകയും ചേച്ചി ഉണ്ണിയുടെ ചോദ്യം രാജുവിനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാർ സമ്മാനമായി ലഭിച്ചത്. അതിനുമുൻപും എന്റെ മക്കൾക്ക് കമ്പ്യൂട്ടർ, മൂത്തമകൻ S S L C പാസായപ്പോൾ ലാപ്ടോപ് അങ്ങനെ നിരവധി സമ്മാനങ്ങൾ രാജു എന്റെ മക്കൾക്കും നൽകിയിട്ടുണ്ട്.

ആന്റണി പെരുമ്പാവൂർ വിദേശത്ത് പോയി വരുമ്പോഴൊക്കെ നിരവധി സമ്മാനങ്ങൾ തന്നിട്ടുണ്ട് എനിക്ക്. ദൃശ്യം 2 വിൽ അഭിനയിച്ച എന്റെ ഇളയ മകന് ഒരു സ്വർണ നാണയം ആണ് ആന്റണി സമ്മാനിച്ചത്. ആശിർവാദിന്റെ സിനിമകൾ കൂടുതലും എന്നെക്കൊണ്ട് ചെയ്യിക്കുന്നു എന്നുള്ളതാണ് ആന്റണി എനിക്ക് തരുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം.

63 സിനിമകളായി ഞാൻ ഇയാളെ സഹിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ലൂസിഫർ സിനിമയുടെ വിജയാഘോഷ വേളയിൽ, വലിയ സദസ്സിനു മുന്നിൽ ലാലേട്ടൻ പറഞ്ഞത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അമൂല്യമായ സമ്മാനമാണ്.

ഞാൻ വർക്ക് ചെയ്ത സല്യൂട്ട് ദുൽഖർസൽമാൻ നിർമ്മിച്ച് നായകനായി അഭിനയിച്ച റോഷൻ ആൻഡ്രൂസ് ചിത്രമാണ്. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം ദുൽഖറിന്റെ കമ്പനിയിലെ സുജയ് എന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. ദുൽഖറിന്റെ തായി ഒരു സമ്മാനം പാക്കറ്റ് എന്നെ ഏൽപ്പിച്ചു. എനിക്ക് താങ്ങാവുന്നതിൽ കൂടുതൽ ഭരമുള്ളതായിരുന്നു ആ സമ്മാന പാക്കറ്റ് .

വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. സ്വീറ്റ്സ്, ചോക്ലേറ്റ് സൗന്ദര്യവർധകവസ്തുക്കൾ, മാസ്ക്, കലണ്ടർ ഡയറി, സ്പ്രേ ഇനിയും പല ഐറ്റങ്ങൾ. ഇതൊന്നും സാധാരണ കടകളിൽ വാങ്ങാൻ കിട്ടുന്നവ ആയിരുന്നില്ല.

ദുൽഖറിന്റെ കൈയിൽനിന്ന് മുൻപും എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട്, ഞാൻ അദ്ദേഹത്തിന്റെ സോളോ എന്ന പടം വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് മകൾ ജനിച്ചത്. ആ സമയത്തും അദ്ദേഹം സമ്മാനം തന്നിരുന്നു.

രാജു എനിക്ക് സമ്മാനിച്ച കാറിന്റെ ഡെലിവറി സമയത്ത് എടുത്ത ഫോട്ടോയാണ് ഇതിനോടൊപ്പം ഉള്ളത്.

ഇനിയുമിനിയും സമ്മാനങ്ങൾ വാങ്ങാനുള്ള ഭാഗ്യം എനിക്കും സമ്മാനങ്ങൾ തരാനുള്ള മനസ് അവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു


Source link

Related Articles

Back to top button