CINEMA

‘സിനിമാ പ്രമോഷന് വന്നില്ല, നഷ്ടം 25 ലക്ഷം’; ബിജു മേനോനെതിരെ നിയമ നടപടിയുമായി നിർമാതാവ്

കൊച്ചി: കരാറുണ്ടായിട്ടും സിനിമാ പ്രമോഷൻ പരിപാടികളിൽ നടൻ ബിജു മേനോൻ പങ്കെടുക്കാത്തതിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാവ് അനൂപ് കണ്ണൻ. നടപടി എടുക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഉറപ്പ് നൽകിയതായും അനൂപ് പറഞ്ഞു.

25 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. ആകെ മൂന്ന് മണിക്കൂർ പ്രമോഷൻ പരിപാടിയിൽ മാത്രമാണ് ബിജു മേനോൻ പങ്കെടുത്തത്. പ്രമോഷന് വരാമെന്ന് നടൻ സമ്മതിച്ചതാണ്. ബിജുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അനൂപ് കണ്ണൻ പറഞ്ഞു.

പ്രമോഷൻ പരിപാടികളിൽ നടൻ ബിജു മേനോൻ പങ്കെടുത്തില്ലെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്‌ണനും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതുമൂലം സംവിധായകൻ കൂടിയായ നിർമ്മാതാവിന് ചാനലിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 25 ലക്ഷം രൂപ നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്‌കയുമായി തൊഴിൽ കരാർ ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ” സിനിമയുടെ പ്രമോഷനും ബിജു മേനോൻ പങ്കെടുത്തില്ല. സിനിമ പ്രമോട്ട് ചെയ്യാമെന്ന് കരാർ ഒപ്പിട്ടശേഷം പോകാതിരിക്കുന്നത് ശരിയല്ല. സിനിമകളുടെ ചിത്രീകരണം നിശ്ചിതസമയത്തിന് ശേഷവും നീണ്ടുപോകുന്നത് അഭിനേതാക്കളുടെ വീഴ്‌ചകൾ മൂലമാണ്. പുതിയ കരാർ ഇതിന് മാറ്റം വരുത്തും. ഒരു ലക്ഷം രൂപയ്‌ക്കുമേൽ പ്രതിഫലം വാങ്ങുന്നവരെല്ലാം കരാർ ഒപ്പിടണമെന്നാണ് വ്യവസ്ഥയെന്നും ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞിരുന്നു.


Source link

Related Articles

Back to top button