‘സിനിമാ ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത നിത്യജീവിതത്തിലും’; രഞ്ജിത്തിനെതിരെ ഡോ ബിജു

തിരുവനന്തപുരം: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് സംവിധായകൻ ഡോ. ബിജു. ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത ഒന്നാണ് രഞ്ജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബിജു കുറ്റപ്പെടുത്തി. ഒരു കലാകാരന്റെ ഇന്റഗ്രിറ്റി എന്നത് ഏറെ പ്രധാനമാണ്. അദ്ദേഹത്തിന്റെ പല സിനിമകളിലെയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. അവ നിത്യജീവിതത്തിലും പ്രയോഗവൽക്കരിക്കുന്നു എന്നത് ഭീതിദമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളോടുള്ള കാഴ്ചപ്പാട് മാറാൻ താൻ എഴുതി സംവിധാനം ചെയ്ത പെയിന്റിംഗ് ലൈഫ് എന്ന സിനിമ കാണുവാൻ നിർദേശിക്കുന്നെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്താണ് ശ്രീ രഞ്ജിത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എന്നോട് എന്റെ പ്രസക്തി എന്താണെന്ന് ആലോചിക്കണം എന്ന് ഉപദേശിച്ചത്. റെലവൻസ് എന്ന പദം ആണ് അദ്ദേഹം ഉപയോഗിച്ചത്. അന്ന് അദ്ദേഹത്തിന് മറുപടിയായി ദീർഘമായ ഒരു കത്ത് ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു . ലോകത്തെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ന് മലയാളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ തവണ പങ്കെടുക്കുന്ന, പങ്കെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക സംവിധായകൻ ഞാനാണ് എന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെ എന്റെ റെലവൻസ് എന്താണ് എന്ന് എനിക്ക് പൂർണ്ണമായ ബോധ്യം അന്നും ഇന്നും ഉണ്ട്. അതിനു മുൻപും പിൻപും ഉള്ള എന്റെ എല്ലാ സിനിമകളും ലോക ചലച്ചിത്ര മേളകളിൽ വലിയ തോതിൽ റെലവന്റ് ആയി തന്നെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Source link


