സഹോദരനെ കൊന്നു, പരോളിലിറങ്ങി മുങ്ങിയ പ്രദീപ് മതംമാറി അബ്‌ദു റഹീമായി; 36 വർഷങ്ങൾക്ക് ശേഷം പിടിയിൽ

ബറേലി: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ചയാൾ 36 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശിയായ പ്രദീപ് സക്‌സേന (അബ്ദുൾ റഹീം) ആണ് പിടിയിലായത്. 1987ലാണ് ഇയാളുടെ സഹോദരൻ കൊല്ലപ്പെട്ടത്. 1989ൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
പരോളിലിറങ്ങിയ പ്രദീപ് ബറേലിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മൊറാദാബാദിലേക്ക് മുങ്ങി. 2002ൽ മതം മാറി അബ്ദുൾ റഹീം എന്ന പേരും സ്വീകരിച്ചു. ലുക്കിലും മാറ്റം വരുത്തി. മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ഡ്രൈവറായിട്ട് ജോലി ചെയ്യാനും തുടങ്ങി.
ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ ജീവിക്കുകയായിരുന്നു പ്രദീപ്. എന്നാൽ കഴിഞ്ഞ ഒക്‌ടോബർ പതിനാറിന് ഇയാളെ നാലാഴ്ചയ്ക്കുള്ളിൽ കണ്ടെത്താൻ കോടതി ഉത്തരവിട്ടു. ഇതോടെ പൊലീസ് പഴയ കേസ് ഫയൽ മനസിലാക്കി, പ്രദീപിനായുള്ള തെരച്ചിൽ ആരംഭിച്ചു.
തുടർന്ന് ബറേലിയിൽ ജീവിക്കുന്ന പ്രദീപിന്റെ സഹോദരൻ സുരേഷുമായി പൊലീസ് ബന്ധപ്പെട്ടു. പ്രദീപ് മരിച്ചിട്ടില്ലെന്നും മതമാറി മൊറാദാബാദിൽ ജീവിക്കുകയാണെന്നും ചോദ്യം ചെയ്യലിൽ സുരേഷ് തുറന്നുപറഞ്ഞു. പൊലീസ് എല്ലാം മറന്നെന്ന ആത്മവിശ്വാസത്തിൽ, പ്രദീപ് ബറേലിയിലേക്ക് വരാറുണ്ടെന്നും പൊലീസ് മനസിലാക്കി. അത്തരത്തിൽ ജോലിയുടെ ആവശ്യങ്ങൾക്കായി ഇയാൾ ബറേലിയിൽ വന്നതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
Source link


