സമ്മർദ്ദം വിഫലം; മിൽമയിൽ വിരമിക്കൽ പ്രായം കൂട്ടില്ല

കൊച്ചി: സഹകരണ സ്ഥാപനമായ മിൽമയിൽ വിരമിക്കൽ പ്രായം 58 വയസിൽ നിന്ന് 60 ആക്കാനുള്ള നീക്കം താത്കാലികമായി മരവിപ്പിച്ചു. ഇത് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്ന മേഖലാ യൂണിയനുകളുടെ വിലയിരുത്തലാണ് കാരണമെന്ന് സൂചനയുണ്ട്. ഇനി പുതിയ സർക്കാരാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
വിരമിക്കൽ പ്രായം 60 ആക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങിയതാണെങ്കിലും വിമർശനങ്ങളെ തുടർന്ന് നീട്ടിവയ്‌ക്കുകയായിരുന്നു. കഴിഞ്ഞ നവംബറിൽ ഇതിനായി യോഗം ചേരാൻ സർക്കാർ മുൻകൈയെടുത്തെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രായം ഉയർത്തിയാലുളള തിരിച്ചടി മുന്നിൽക്കണ്ട് പിന്മാറി. സർക്കാരിന്റെ കാലാവധി തീരുംമുമ്പ് ആവശ്യം നേടിയെടുക്കാൻ ട്രേഡ് യൂണിയനുകൾ നടത്തിയ സംഘടിത നീക്കമാണ് ഇപ്പോൾ വിഫലമായത്.
മിൽമയിലെ ഒരു യൂണിയനാണ് വിരമിക്കൽ പ്രായം 60 ആക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം സർക്കാരിനെ സമീപിച്ചത്. പിന്നീട് മറ്റ് യൂണിയനുകളും പിന്തുണച്ചു. പ്രായപരിധി ഉയർത്തിയില്ലെങ്കിൽ ട്രേഡ് യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവരടക്കം നിരവധിപ്പേർ പടിയിറങ്ങേണ്ടി വരും. ശമ്പള വർദ്ധന വരുന്നതോടെ പെൻഷനിലുണ്ടാകുന്ന വൻ ഉയർച്ചയും ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു.
പ്രായപരിധി ഉയർത്തിയാൽ ഗുണംകിട്ടുക അമ്പതിൽ താഴെപ്പേർക്കാണ്. ഇതിൽ ഭൂരിപക്ഷവും പ്രായപരിധി ഉയർത്തണമെന്ന് ആദ്യം ആവശ്യപ്പെട്ട യൂണിയനിലെ നേതാക്കളാണ്.
പ്രകടന പത്രികയും
തടസമാകും
യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് ഇടത് – വലത് മുന്നണികളുടെ പ്രകടനപത്രികയിലെ വാഗ്ദാനം. അതിനാൽ പുതിയ സർക്കാർ എത്തിയാലും ഈ നീക്കം ഫലം കണ്ടേക്കില്ല. 2022ൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർദ്ധിപ്പിച്ചെങ്കിലും എതിർപ്പുയർന്നതോടെ സർക്കാർ പിൻവലിച്ചിരുന്നു. പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് വിരമിക്കൽ പ്രായം 60 ആക്കാൻ ശുപാർശ നൽകിയത്.
Source link


