നടിയെ ആക്രമിച്ച കേസിലെ പ്രതി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു

മണികണ്ഠൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപം കൈത്തണ്ട മുറിച്ച് സ്വയം പരിക്കേൽപ്പിച്ചു. കേസിലെ മൂന്നാംപ്രതി തമ്മനം മെയ്ഫസ്റ്റ് റോഡ് ജംഗ്ഷന് സമീപം മണപ്പാട്ടിപ്പറമ്പ് വീട്ടിൽ മണികണ്ഠനാണ് (39) മദ്യലഹരിയിൽ അക്രമാസക്തനായി പരിഭ്രാന്തി പരത്തിയത്.
വെള്ളിയാഴ്ച രാത്രി തമ്മനത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പാലാരിവട്ടം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നു. മണികണ്ഠൻ ഓടിച്ച ഓട്ടോ ഒരു ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇയാൾ നടുറോഡിൽ ബഹളം വച്ചത്. മദ്യപിച്ച് ബഹളം കൂട്ടിയതിനും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും കേസെടുത്ത ശേഷം സുഹൃത്തിനൊപ്പം രാത്രി സ്റ്റേഷൻ ജാമ്യം നൽകി. ഇതിനുശേഷം പാലാരിവട്ടം ജംഗ്ഷനിൽ പൊലീസ് സ്റ്റേഷന് സമീപത്തെ ഭക്ഷണശാലയിലെത്തിയ ഇയാൾ കടയിൽനിന്ന് ബ്ലേഡ് വാങ്ങി കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇതിനു തൊട്ടുമുമ്പ് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തും മണികണ്ഠനും വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു.
പാലാരിവട്ടം പൊലീസ് എത്തി സുഹൃത്തിനൊപ്പം ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. നേരത്തെയും പലതവണ ഇയാൾ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിനാണ് അന്തിമ വിധി പറയുന്നത്.
Source link



