LATEST

ജോലിക്കിടെ പൊട്ടിക്കരഞ്ഞു; ഗർഭിണിയായ ബാങ്ക് ജീവനക്കാരിയോട് മാനേജ‌ർ കാണിച്ചത് ആരും ചെയ്യാത്ത കാര്യങ്ങൾ

തൊഴിലിടത്തെ പ്രശ്നങ്ങളും മറ്റും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. മിക്കവാറും പലവിധത്തിലുള്ള വിചിത്രമായ കാര്യങ്ങളായിരിക്കും നമ്മൾ കേൾക്കുന്നത്. പ്രസവത്തിന് ഭാര്യയ്ക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞ ഭ‌ർത്താവിനോട് ആശുപത്രിയിൽ ഇരുന്ന് ജോലിചെയ്യണമെന്ന് പറയുന്ന മാനേജരും, സർ‌ജറി കഴിഞ്ഞ് ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്ന യുവാവിനോട് കിടന്നു കൊണ്ട് ജോലി ചെയ്യാൻ ആവശ്യപ്പെടുന്ന മാനേജരുടെ സംഭവങ്ങളടക്കം അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ ബാങ്കിൽ ജോലിചെയ്യുന്ന ഗർഭിണിയായ ജീവനക്കാരി തന്റെ മാനേജരിൽ നിന്നും നേരിട്ട ക്രൂരതകളെക്കുറിച്ച് റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏഴ് മാസം ഗർഭിണിയായ യുവതി ശാരീരിക ബുദ്ധിമുട്ടുകളെ തുട‌ർന്ന് അവധിക്ക് അപേക്ഷിക്കുമ്പോഴെല്ലാം മാനേജർ അത് അവഗണിക്കുകയോ നിരസിക്കുകയോ ചെയ്യുമെന്നാണ് .യുവതി പറയുന്നത്. ഗ‌ർഭിണിയായപ്പോൾ ആദ്യത്തെ മൂന്ന് മാസം കടുത്ത പ്രയാസമായിരുന്നുവെന്നും 103 ഡിഗ്രി പനിയുണ്ടായിട്ടും താൻ ജോലിക്കു പോകേണ്ടി വന്നിരുന്നുവെന്നും യുവതി പറയുന്നു. മറ്റ് ജീവനക്കാ‌ർ അവധിയിലായിരുന്നതിനാൽ തനിക്ക് പകരം വേറെ ആരും ഉണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.

ചില സംശയാസ്പദമായ ലോണുകൾക്ക് മാനേജർ അനുമതി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി രഹസ്യമായി ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഈ വിവരം മാനേജ‌ർ അറിഞ്ഞതോടെയാണ് മാനസിക പീഡനം ആരംഭിച്ചതെന്നും ജീവനക്കാരി പറയുന്നു.

‘അടുത്തിടെ ക്ഷീണവും ഓക്കാനവും കാരണം എനിക്ക് അവശ്യ സന്ദർഭങ്ങളിൽ രണ്ട് മൂന്ന് തവണ മാത്രമേ അവധി എടുക്കേണ്ടി വന്നിട്ടുള്ളൂ. എന്നാൽ ഇപ്പോൾ അയാൾ അവധി നിഷേധിക്കുകയും കൂടുതൽ ജോലിഭാരം നൽകുകയും , ഭക്ഷണം കഴിക്കാൻ പോലും സമയം തരാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കൃത്യസമയത്ത് റിപ്പോ‌ർട്ട് ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയും ജോലി സമയം കഴിഞ്ഞ ശേഷവും ജോലി ചെയ്യിപ്പിക്കുകയും ചെയ്തു’ യുവതി പോസ്റ്റിൽ പറയുന്നു.

‘ഓഫീസിലെ കാര്യം പറയാൻ രാത്രി പത്തരയ്ക്കും വിളിച്ചിട്ടുണ്ട്. പനി പിടിച്ച് കിടക്കുന്ന സമയത്താണ് ഓഫീസ് ബോയിയെക്കൊണ്ട് രാത്രിവിളിപ്പിച്ചത്. പ്രസവത്തിന് മുമ്പ് തന്നെ പ്രസവാവധി എടുക്കാൻ മാനേജർ സമ്മർദ്ദം ചെലുത്തി. ഇത്തരം മനുഷ്യത്വമില്ലാത്ത പെരുമാറ്റം കാരണം ചിലപ്പോഴൊക്കെ ഞാൻ ജോലിസ്ഥലത്ത് വച്ച് കരഞ്ഞിട്ടുപോലുമുണ്ട്. എന്റെ ഗർഭകാലം ഓരോ ദിവസം കഴിയുംതോറും കൂടുതൽ കഠിനമാവുകയാണ്. ഇപ്പോൾ മാനസികമായും ശാരീരികമായും തളർന്നിരിക്കുന്നു’ -ജീവനക്കാരി കൂട്ടിച്ചേർത്തു.

പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ജീവനക്കാരിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. പൊതുമേഖലാ ബാങ്കുകളിലെ ഇത്തരം തൊഴിൽ സാഹചര്യങ്ങൾ സാധാരണമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഉടൻ തന്നെ എച്ച്ആ‌ർ വിഭാഗത്തിന് പരാതി നൽകാൻ പലരും യുവതിയോട് ഉപദേശിച്ചു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button