LIFE STYLE

സഞ്ജുവിന് പകരക്കാരനായി ഇഷാൻ; സെഞ്ച്വറിക്ക് പിന്നാലെ കീപ്പിംഗിലും മാറ്റം

തിരുവനന്തപുരം: ‘തിരുവനന്തപുരത്തുകാർ വിഷമിക്കണ്ട, സഞ്ജു ഇന്ന് കളിക്കും’ അഞ്ചാം ട്വന്റി- 20യിലെ ടോസിന് പിന്നാലെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ വാക്കുകളാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനം കേട്ട് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആർപ്പും ആരവവും ആവേശക്കടലായി മാറിയിരുന്നു. കേരളം കണ്ട എക്കാലത്തെയും വലിയ സ്‌പോർട്സ് ഐക്കണിന് ലഭിച്ച സ്വീകരണം അത്രമേൽ വലുതായിരുന്നു. എന്നാൽ ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. സ്വന്തം മണ്ണിൽ ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ സഞ്ജു ആറ് പന്തിൽ ആറ് റൺസുമായിട്ടായിരുന്നു മടങ്ങിയത്.


ഇപ്പോഴിതാ മലയാളി ആരാധകരെ അമ്പരപ്പിച്ച് ഫീൽഡിംഗിനിറങ്ങിയപ്പോൾ സഞ്ജുവിന് പകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിഞ്ഞതാണ് ചർച്ചയാകുന്നത്. നേരത്തെ ട്വന്റി-20 ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരുന്ന താരമായിരുന്നു സഞ്ജു. എന്നാൽ സഞ്ജു ടീമിലിരിക്കെ തന്നെ ഇഷാനെ കീപ്പറായി പരിഗണിച്ചത് വരാനിരിക്കുന്ന ലോകകപ്പ് ടീമിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് നൽകുന്നത്. സഞ്ജുവിന്റെ തന്നെ തീരുമാനപ്രകാരമാണോ കീപ്പിംഗ് മാറ്റം അതോ മാനേജ്‌മെന്റ് കർശന നിലപാട് സ്വീകരിച്ചതാണോ എന്നാണ് ആരാധകരുടെ സംശയം.

അതേസമയം, പരിക്കുമാറി തിലക് വർമ്മ ടീമിലെത്തിയാൽ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടാനുള്ള സാദ്ധ്യതയും കൂടും. ലോകകപ്പിന് തൊട്ടുമുമ്പുള്ള പരമ്പരയായതിനാൽ സഞ്ജുവിന് ഓരോ മത്സരങ്ങളും നിർണായകമായിരുന്നു. അദ്ദേഹത്തിന്റെ സ്‌കോറുകൾ പരിശോധിച്ചാൽ നിരാശയാണ് ഫലം. മാത്രമല്ല ഓപ്പണിംഗ് സ്ലോട്ടിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറായും വിക്കറ്റ് കീപ്പറായും വരുന്നതോടെ സഞ്ജു റിസർവ് നിരയിലേക്ക് മാറേണ്ടി വന്നേക്കാം.


മത്സരത്തിന് മുന്നോടിയായി ഇഷാൻ കിഷൻ സഞ്ജുവിനെക്കുറിച്ച് സംസാരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടീം അംഗങ്ങൾക്കായി സഞ്ജു തന്റെ വീട്ടിൽ ഒരുക്കിയ ഗംഭീര വിരുന്നിനെക്കുറിച്ചും ഇഷാൻ വാചാലനായി. ‘സഞ്ജു ഒരുക്കിയ വിരുന്ന് ഗംഭീരമായിരുന്നു. അവന്റെ സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു,’ എന്നായിരുന്നു ഇഷാന്റെ വാക്കുകൾ. സഹതാരങ്ങൾ പോലും സഞ്ജുവിന്റെ തിരിച്ചുവരവിനായി ആഗ്രഹിച്ചിട്ടും ഗ്രൗണ്ടിൽ അത് പ്രതിഫലിപ്പിക്കാൻ മലയാളി താരത്തിന് സാധിച്ചില്ലെന്നതും ആരാധകരെ വിഷമിപ്പിച്ചു. 6 പന്തിൽ 6 റൺസെടുത്ത് പുറത്തായ സഞ്ജുവിന് പകരം, 43 പന്തിൽ 103 റൺസടിച്ച ഇഷാൻ കിഷൻ ഇതോടെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ച് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.


Source link

Related Articles

Back to top button