NATIIONAL
‘സഞ്ജുവിന് ഒരു പിഴവ് പറ്റി, ഇതു ട്വന്റി20 ക്രിക്കറ്റാണെന്ന് ഓർക്കണം’: തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാത്തതിൽ സിഎസ്കെ കോച്ച്

ചെന്നൈ ∙ തുടർച്ചയായ രണ്ടാം മത്സരത്തിൽ റൺസ് കണ്ടെത്താൻ പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ സഞ്ജു സാംസണെ പിന്തുണച്ച് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്ന സിഎസ്കെയ്ക്ക്, ഈ ഐപിഎൽ സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ടീമിലേക്ക് എത്തിയത് വലിയ പ്രതീക്ഷയാണ് നൽകിയത്. ട്വന്റി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ ആയതിന്റെ തിളക്കത്തോടെയാണ് സഞ്ജു, സീസൺ ആരംഭിച്ചതും. എന്നാൽ ചെന്നൈയുടെ ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിനു കാര്യമായ സംഭാവന നൽകാനായില്ല. രാജസ്ഥാനെതിരെ 7 പന്തിൽ 6, പഞ്ചാബിനെതിരെ 7 പന്തിൽ 7 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകൾ. ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ സഞ്ജുവിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. ഐപിഎൽ കരിയറിൽ ഇതുവരെ ഇവിടെ കളിച്ച 6 ഇന്നിങ്സുകളിൽ നിന്ന് 11 ശരാശരിയിൽ 100 സ്ട്രൈക്ക് റേറ്റോടെ 66 റൺസ് മാത്രമാണ് താരം നേടിയത്. ഐപിഎൽ വേദികളിൽ (കുറഞ്ഞത് 5 ഇന്നിങ്സുകൾ) സഞ്ജുവിന്റെ ഏറ്റവും കുറഞ്ഞ ശരാശരി ചെപ്പോക്കിലേതാണ്. ഈ സീസണിൽ ഇവിടെ 6 മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ, സഞ്ജു ഇത് മാറ്റിയെടുക്കുമെന്ന് സിഎസ്കെ പ്രതീക്ഷിക്കുന്നു.
Source link


