സംസ്ഥാനവും ഗവർണറും സമവായത്തിലെത്തണം, ഇല്ലെങ്കിൽ കോടതി നേരിട്ട് വിസിയെ നിയമിക്കും; താക്കീതുമായി സുപ്രീം കോടതി

ന്യൂഡൽഹി: സർവകലാശാലകളിലെ വൈസ് ചാൻസലർ (വിസി) നിയമനത്തിൽ കർശന നിർദേശവുമായി സുപ്രീം കോടതി. സംസ്ഥാനവും ഗവർണറും തമ്മിൽ സമവായത്തിലെത്തണം. ഇല്ലെങ്കിൽ പട്ടികയിൽ നിന്ന് വിസിമാരെ സുപ്രീം കോടതി നേരിട്ട് നിർദേശിക്കുമെന്നും താക്കീത് നൽകി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ഡിജിറ്റൽ – സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. അവർ നൽകിയ പട്ടികയിൽ നിന്നുള്ള പേരുകളിലാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത്. ഡിജിറ്റൽ സർവകലാശാല വിസി സ്ഥാനത്തേക്ക് മുഖ്യമന്ത്രി കൈമാറിയ പട്ടികയിൽ ഡോ. ജിൻ ജോസ്, ഡോ. പ്രിയ ചന്ദ്രൻ എന്നിവർക്ക് മൂന്നും നാലും സ്ഥാനമാണ്. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. ജി ആർ ബിന്ദു, ഡോ. പ്രിയ ചന്ദ്രൻ എന്നിവരുടെ പേരുകൾ രണ്ടും മൂന്നും സ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടുത്തി. എന്നാൽ, ഗവർണർ ചൂണ്ടിക്കാട്ടിയത് ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു.
Source link

