നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; കേസെടുത്ത് പൊലീസ്

ഹൈദരാബാദ്: ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. കുപ്പം പിഇഎസ് കോളേജിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിനിയായ പല്ലവി (19) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
മുകളിൽ നിന്ന് നിലത്ത് വീണ പെൺകുട്ടിയുടെ അടുത്തേക്ക് ജീവനക്കാരും മറ്റ് വിദ്യാർത്ഥികളും ഓടിയടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കോളേജ് അധികൃതർ കുട്ടികളെ ശരിയായി ശ്രദ്ധിക്കാത്തതാണ് സംഭവത്തിന് കാരണമെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല്ലവിയുടെ മരണം കോളേജിലെ മറ്റ് വിദ്യാർത്ഥികളെയും ജീവനക്കാരെയും പരിഭ്രാന്തരാക്കി. ഹോസ്റ്റലിലെ സുരക്ഷയെക്കുറിച്ച് മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
ഈ മാസം ആദ്യം ചിറ്റൂരിലെ ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് സ്റ്റഡീസിലെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ നവംബർ ആദ്യവാരം ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വാർത്തയായിരുന്നു. അതിൽ ഒരു കുട്ടി മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച ശ്രീകാകുളം ജില്ലയിലും 20കാരനായ വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു.
Source link



