വിമാനം റദ്ദാക്കിയതിനാൽ യാത്ര മുടങ്ങി; സ്വന്തം വിവാഹസൽക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികൾ

ബംഗളൂരു: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് യാത്രതടസപ്പെട്ടതിനാൽ ഓൺലൈനായി സ്വന്തം വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് നവദമ്പതികൾ. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. നവംബർ 23 നാണ് ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ മേധ ക്ഷീരസാഗറും സംഗമദാസും വിവാഹിതരായത്. ഹുബിള്ളി സ്വദേശിയാണ് വധുവായ മേധ ക്ഷീരസാഗർ. വരന്റെ സ്വദേശമായ ഒഡീഷയിലെ ഭുവനേശ്വറിലാണ് വിവാഹം നടന്നത്.
ഇവരുടെ വിവാഹസൽക്കാരം വധുവിന്റെ നാടായ ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ ഡിസംബർ മൂന്നിന് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഡിസംബർ 2 ന് ഭുവനേശ്വറിൽ നിന്ന് ബംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കുമാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിവാഹസൽക്കാരത്തിന് മുൻപ് വേദിയിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നവദമ്പതികൾ. അതിനാൽ സൽക്കാരത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും അവിടെ പൂർത്തിയായിക്കഴിഞ്ഞിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയത് ഇവർക്ക് തിരിച്ചടിയായി.
നവദമ്പതികൾക്കും ഒപ്പം ചില ബന്ധുക്കൾക്കും വിവാഹസൽക്കാരം നടക്കുന്ന സ്ഥലത്ത് കൃത്യസമയത്ത് എത്താൻ കഴിയില്ലെന്ന അവസ്ഥയായി. ഇതറിയാതെ അതിഥികൾ വേദിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. തുടർന്ന് വധുവിന്റെ മാതാപിതാക്കൾ ഇടപെട്ട് ചടങ്ങുകൾ നടത്തി. പൂർണ്ണമായും വിവാഹവസ്ത്രം ധരിച്ച വധൂവരന്മാർ വീഡിയോ കോൺഫറൻസിംഗിലൂടെ സൽക്കാരത്തിൽ പങ്കെടുത്തു.
‘വിവാഹം നവംബർ 23 നായിരുന്നു. ഡിസംബർ മൂന്നിന് റിസപ്ഷൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് പുലർച്ചെ നാലു മണിക്ക് വിമാനം റദ്ദാക്കി. അവർ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷേ അവർക്കതിന് കഴിഞ്ഞില്ല’- വധുവിന്റെ അമ്മ പറഞ്ഞു.
Source link



