ശാരദ പറയുന്നു ഇനി, ആത്മീയ ജീവിതം

കോവളം സതീഷ്കുമാർ | Sunday 15 February, 2026 | 12:28 AM
മലയാളത്തിന് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംതുലാഭാരത്തിലൂടെ നേടി തന്ന ശാരദ. വീണ്ടും ഒരിക്കൽ കൂടി ദേശീയ പുരസ്കാരം മലയാളത്തിൽ എത്തിച്ചതും ശാരദ തന്നെ. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ജെ.സി . ഡാനിയേൽ പുരസ്കാരത്തിന്റെ നിറവിൽ ആണ് ഇപ്പോൾ ശാരദ.
‘’എന്റെ ഉള്ളിൽ ഇനിയൊരു ആഗ്രഹവും ശേഷിക്കുന്നില്ല. ഇനിയത്തെ ജീവിതം ആത്മീയതയിൽ. സിനിമയില്ലൊന്നും അഭിനയിക്കില്ല””- വിദൂരതയിലേക്ക് നോക്കി ശാരദ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണോ അഭിനയമില്ലെന്ന് പറയുന്നത് ?
അതു മാത്രമല്ല. നാലു ഭാഷയിൽ എത്രയോ സിനിമകളിൽ അഭിനയിച്ചു. അതു മതി. മിക്കവാറും എല്ലാ സിനിമയിലും കേന്ദ്രകഥാപാത്രമോ നായികയോ ആയിരുന്നു. മൂന്നു ദേശീയ പുരസ്കാരം നേടി. മലയാളത്തിന്റെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചു. തെലുങ്കു യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു.
തെലുങ്കിൽ അഭിനയിച്ച ഒരു സിനിമയുടെ പേര് ‘ശാരദ”എന്നായിരുന്നു. മൂന്നു ഭാഷയിൽ തുലാഭാരത്തിന്റെ റീമേക്കിൽ അഭിനയിച്ചു.ഇത്ര എല്ലാം പോരേ ?
പോയകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ സന്തോഷവതി അല്ലേ ?
തീർച്ചയായും. ചരിത്രം സൃഷ്ടിച്ച നായികയല്ലേ ഞാൻ.
ആദ്യം കോമഡി അഭിനേത്രിയായി തുടങ്ങി. നാലു സിനിമകളിൽ കോമഡി വേഷം ചെയ്തു. പിന്നീട് മലയാളത്തിൽ ’തുലാഭാരം” ചെയ്ത ശേഷമാണ് ഗൗരവം നിറഞ്ഞ വേഷങ്ങൾ അവതരിപ്പിച്ചത് . എന്റെ സിനിമ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു ആ സിനിമ.
ദുഃഖപുത്രി എന്ന ഇമേജ് വന്നു ചേർന്നല്ലേ ?
കരയാനുള്ള സീൻ ചിരിച്ച് അഭിനയിക്കാൻ പറ്റില്ലല്ലോ. അത്തരം വിശേഷ ണങ്ങൾ തന്നെ അർത്ഥമില്ലാത്തതാണ്. അന്ന് കേരളത്തിലുള്ളവർ മിക്കവരും സാധുക്കളായിരുന്നു. ആ കാലത്ത് സാധാരണക്കാരുടെ ജീവിതം പറയുന്ന സിനിമകളിലാണ് അഭിനയിച്ചത്. ദാരിദ്ര്യത്തിൽ കഴിയുന്ന നായിക അത്തരം വേഷ വിധാനങ്ങളേ ധരിക്കൂ. അല്ലാതെ ചുരിദാർ ധരിച്ചെത്താൻ പറ്റില്ലല്ലോ
ഇത്തരം സിനിമയിൽ അഭിനയിച്ച സമയത്തൊന്നും ’ദുഃഖപുത്രി”എന്ന് ആരും വിളിച്ചില്ല. മൂന്നു പ്രാവശ്യം ഉർവശി അവാർഡ് നേടിയ ശേഷമാണ് അങ്ങനെ വിശേഷിപ്പിക്കുന്നത്.
തെലുങ്ക് സിനിമയിൽ എല്ലാം വ്യത്യസ്ത വേഷങ്ങൾ ?
പൊലീസ് , ഡോക്ടർ, വക്കീൽ, വീട്ടമ്മ അങ്ങനെ എത്രയോ കഥാപാത്രങ്ങൾ . മിക്ക സിനിമയിലും ഡ്യൂയറ്റും ഡാൻസും എല്ലാം കാണും.
രണ്ടു സിനിമകൾ നിർമ്മിച്ചെങ്കിലും പിന്നെ എന്താണ് മാറി നിന്നത് ?
ആരാധന, ഭദ്രദീപം എന്നീ ചിത്രങ്ങൾ ആണ് നിർമ്മിച്ചത്.അപ്പോൾ അങ്ങനെ തോന്നി , നിർമ്മിച്ചു.
സംവിധാനം ചെയ്യാൻ തോന്നിയില്ലേ?
(കൈകൂപ്പുന്നു) ഒരുസാധാരണ നടിയായി പോയാൽ മതിയേ…
മലയാളത്തിൽ ഒപ്പം അഭിനയിച്ചവരെ കുറിച്ച് ?
നസീർ സാർ, മധു സാർ, സത്യൻ സാർ എല്ലാവരും നല്ലവരാണ്. എന്നെ സംബന്ധിച്ച് ഒപ്പം അഭിനയിച്ച എല്ലാ അഭിനേതാക്കളും നല്ലവരാണ് . മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നതിനു മുമ്പു തന്നെ മറ്റ് ഭാഷാ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചതിനാൽ ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ പേടിയുണ്ടായില്ല.എന്നാൽ , മലയാളം അറിയില്ലായിരുന്നു. അമ്മയുടെ വീട്ടുകാർ കോഴിക്കോടുണ്ട്.
മലയാളത്തിലെ ഡയലോഗുകളെല്ലാം തെലുങ്കിലെഴുതിയാണു പഠിച്ചതും പറഞ്ഞതും. കുഞ്ചാക്കോയുടെ അസിസ്റ്റന്റായിരുന്ന ശാരംഗപാണിയാണു മലയാളം പഠിപ്പിച്ചത്. ഇപ്പോൾ തെലുങ്ക് കഴിഞ്ഞാൽ നന്നായി സംസാരിക്കുന്നത് മലയാളമാണ്.
സിനിമയിൽ ഇപ്പോൾ ഉണ്ടായ മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ ?
ശ്രദ്ധിക്കാറുണ്ട് . ഇപ്പോഴത്തെ ജീവിതം അനുസരിച്ചാണ് സിനിമ പോകുന്നത്. അപ്പോഴത്തെ സിനിമകൾ അന്നത്തെ തലമുറയെ സംബന്ധിച്ച് ശരിയാണ്. ഇപ്പോഴത്തെ സിനിമകൾ ഇന്നത്തെ ശരികളാണ്. പഴയ അളവു കോൽ വച്ച് രണ്ടു കാലഘട്ടത്തിലെ സിനിമകൾ അളന്നിട്ട് കാര്യമില്ല. സാങ്കേതികമായി വികസിച്ച് സിനിമ എവിടെയൊക്കെയോ പോയി.ഇപ്പോൾ മലയാളത്തിൽ100 കോടി ക്ലബാണ് ലക്ഷ്യം. തെലുങ്കിൽ 300 കോടിയും . അന്ന് 1.5 - 4.5 ലക്ഷം കളക്ഷൻലഭിച്ചാൽ വലിയ വിജയമാണ്.
ജന്മദേശമായ തെന്നാലിയിൽ തെലുങ്കുദേശം പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് എം.പിയായി. ഇപ്പോഴും തെലുങ്കുദേശമാണ് ആന്ധ്ര ഭരിക്കുന്നത്?
അറിയാം. രാഷ്ട്രീയത്തിൽ നിന്ന് ഞാൻ എന്നേ മാറി. ഇപ്പോൾ ദേശീയ - സംസ്ഥാന രാഷ്ട്രീയത്തെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. അനാവശ്യമായി എന്തിന് അതിനെ കുറിച്ചെല്ലാം സംസാരിക്കണം. എല്ലാവരും നന്നായിരിക്കണം. അവരോടൊപ്പം നമ്മളും സന്തോഷത്തോടെ കഴിയണം.
ആത്മീയ ജീവിതം എങ്ങനെയാണ് ?
കൂടുതൽ സംസാരമില്ല, എന്നും ധ്യാനിക്കും. ചെന്നൈയിൽ വീടിനടുത്ത് ഒരു അയ്യപ്പ ക്ഷേത്രമുണ്ട് .മാസത്തിലൊരിക്കൽ അവിടെ പോകും.
ശബരിമലയിൽ പോകണമെന്ന് തോന്നിയില്ലേ ?
പണ്ട് തോന്നിയതാണ്. അവിടെ നടക്കാൻ ബുദ്ധിമുട്ടുള്ളവരെ ഡോളിയിൽ കൊണ്ടു പോകും എന്ന് അറിഞ്ഞു. അല്ലാതെ കയറാൻ പറ്റില്ല. അതു കൊണ്ട് പോയില്ല. ഇവിടെയിരുന്ന് കണ്ണുകളടച്ച് ധ്യാനിച്ചാൽ ശബരിമല അയ്യപ്പൻ ആശീർവദിക്കും. അതുമതി എനിക്ക്.
Source link



