‘ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് പ്രവർത്തിച്ചാൽ ലോകം കീഴടക്കാം’, സിഎസ്കെ ബസിൽ വന്നിറങ്ങി സഞ്ജു: ശ്രദ്ധനേടി വീഡിയോ

ചെന്നൈ: ട്വന്റി20 ലോകകപ്പ് വിജയത്തിന് ശേഷം മലയാളി സൂപ്പർ താരം സഞ്ജു സാംസണിനോട് ആരാധകർക്കുള്ള സ്നേഹവും ആരാധനയും വർദ്ധിച്ചിരിക്കുകയാണ്. ദിവസങ്ങൾക്കകം തുടങ്ങുന്ന ഐപിഎല്ലിലാകും ഇനി താരത്തെ കാണാനാകുക. ഈ സീസണിൽ ചെന്നൈ സൂപ്പർകിംഗ്സിലെത്തുന്ന താരത്തിന്റെ വരവ് സിഎസ്കെ ആഘോഷമാക്കിയിരിക്കുകയാണ് ഇപ്പോൾ. വിമാനത്താവളത്തിൽ സഞ്ജു വന്നിറങ്ങി കാറിൽ കയറുന്ന വീഡിയോയും ശേഷം ധോണിക്കൊപ്പം പരിശീലനത്തിൽ പങ്കെടുത്ത് ഇടവേളയിൽ സംസാരിച്ചിരിക്കുന്ന ചിത്രവും പിന്നീട് ടീം ബസിൽ സഞ്ജു വന്നിറങ്ങുന്ന മാസ് വീഡിയോയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.ചെന്നൈ ടീം ബസിനെ കാണിക്കുന്ന ദൃശ്യത്തിൽ മലയാളത്തിൽ ഒരു കുട്ടി അമ്മ നമ്മൾ എങ്ങോട്ടാണ് പോകുന്നത്? എന്ന് ചോദിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ‘അതിന് നമ്മൾ നമ്മുടെ നാട്ടിലേക്ക് പോകുകയാണ് മോനേ’ എന്ന് അമ്മ മറുപടി നൽകുന്നു. അപ്പോൾ ഇതല്ലേ നമ്മുടെ നാട്? എന്ന് കുട്ടി വീണ്ടും ചോദിക്കുന്നു. തുടർന്ന് ഇതും നമ്മുടെ നാടാണ് മോനേ..എന്ന് ഉത്തരം അമ്മ കൊടുക്കുന്നു. ഈ സമയം കണ്ടക്ടർ വിസിലടിച്ചതോടെ സഞ്ജു ബസിൽ നിന്നും പുറത്തിറങ്ങുന്നു. ഇതോടെ ‘ശരിയായ സ്ഥലത്ത് പ്രവർത്തിച്ചാൽ ലോകം മുഴുവൻ കീഴടക്കാം’ എന്ന് തമിഴിലും ഇംഗ്ളീഷിലുമെഴുതിയ സന്ദേശം കാണിക്കുന്നു. ട്വന്റി20 ലോകകപ്പ് നേടിയ സഞ്ജുവിനെക്കുറിച്ചായിരുന്നു ഈ വാക്കുകൾ. 11 സീസണുകൾക്ക് ശേഷമാണ് സഞ്ജു ഫ്രാഞ്ചൈസി മാറുന്നത്. 18 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിയ സഞ്ജുവിന് പകരം സൂപ്പർതാരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലെത്തി. സഞ്ജു ടീമിന്റെ വൈസ് ക്യാപ്റ്റനാകും എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Source link

