LATEST

‘ശബരിമല സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് അന്വേഷിക്കണം’; കത്തയച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വ‌ർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും അദ്ദേഹം കത്തിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികൾക്കും ശബരിമല സ്വർണ്ണക്കൊള്ളയുമായി പങ്കുണ്ടെന്നും ചെന്നിത്തല കത്തിൽ ആരോപിക്കുന്നു. ഇന്നലെയാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.

പുരാവസ്തു സാധനങ്ങൾ മോഷ്ടിച്ച് കരിച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാം. ഇയാൾ പൊതുജനത്തിന് മുന്നിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നൽകാൻ തയ്യാറാണ്. താൻ സ്വതന്ത്രമായി പരിശോധിച്ചുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പുരാവസ്തുസംഘങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെടുന്നു.

അതേസമയം, കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. ഇരുവരുടെയും ജാമ്യാപേക്ഷ ജസ്റ്റീസ് ബദറുദ്ദീൻ നിരസിച്ചിരുന്നു. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.


Source link

Related Articles

Leave a Reply

Back to top button