LATEST

ശബരിമല സദ്യ: ദേവസ്വം ബോർഡിൽ വിയോജിപ്പ് ചർച്ച ചെയ്യാതെ പ്രഖ്യാപിച്ചെന്ന് അംഗങ്ങൾ

ശ്രീകുമാർപള്ളീലേത്ത് | Monday 01 December, 2025 | 12:19 AM

തിരുവനന്തപുരം: നാളെ മുതൽ ശബരിമലയിൽ ഭക്തർക്ക് സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പ്രഖ്യാപനത്തിൽ മറ്റു രണ്ട് ബോർഡ് അംഗങ്ങൾക്കും വിയോജിപ്പ്. ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുംമുമ്പ് പ്രസിഡന്റ് ഏകപക്ഷീയമായി മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിച്ചതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സി.പി.എം അംഗം പി.ഡി. സന്തോഷ് കുമാറും സി.പി.ഐ പ്രതിനിധിയും മുൻമന്ത്രിയുമായ കെ.രാജുവും ഇക്കാര്യം അറിയിച്ചതായി സൂചനയുണ്ട്. പ്രസിഡന്റിന്റെ നടപടിയിലുള്ള അതൃപ്തി രാജു പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചതായും അറിയുന്നു.

പ്രസിഡന്റ് പുറത്ത് പ്രഖ്യാപിച്ച ശേഷമാണ് ബോർഡ് യോഗത്തിൽ ഇത് അജണ്ടയായി ഉൾപ്പെടുത്താൻ ശ്രമിച്ചതെന്നാണ് അംഗങ്ങളുടെ പരാതി. സദ്യ നൽകുന്നതിലെ സാങ്കേതികമായ പ്രശ്നങ്ങൾ പരിഗണിക്കാതെ തീരുമാനമെടുത്താൽ ഭാവിയിൽ തങ്ങളും കുരുക്കിൽപെടുമെന്നാണ് അംഗങ്ങളുടെ നിലപാട്. ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തീരുമാനം.

സദ്യ കൊടുക്കുന്നതിൽ എതിർപ്പില്ല. എന്നാൽ,​ ഭക്തരിൽ വലിയൊരു ശതമാനവും അന്യസംസ്ഥാനക്കാരായതിനാൽ അവർക്ക് ഇഷ്ടപ്പെടുന്ന പുലാവ് കൂടി ഉൾപ്പെടുത്തമെന്നാണ് അംഗങ്ങളുടെ അഭിപ്രായം. അതിനായി കരാറുകാർക്ക് പുതിയ ക്വട്ടേഷൻ നൽകേണ്ടതുണ്ട്. ചെലവിലും വ്യത്യാസം വരും. ഇതെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്. അതുണ്ടായില്ലെന്നതാണ് അംഗങ്ങളുടെ എതിർപ്പിന് കാരണം.

‘സുതാര്യമാകണം’

സുതാര്യമായി ഓരോ കാര്യങ്ങളും ചെയ്തില്ലെങ്കിൽ പിന്നീട് അനാവശ്യ ആരോപണങ്ങൾക്ക് അത് വഴിവയ്ക്കുമെന്നതാണ് രണ്ട് അംഗങ്ങളുടെയും ആശങ്ക. ബോർഡിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാതെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പാടില്ലാത്തതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


Source link

Related Articles

Leave a Reply

Back to top button