LATEST

ശബരിമല യുവതീപ്രവേശനം; നിലപാട് മാറ്റി ദേവസ്വം ബോർഡ്, വിധി എതിർക്കുമെന്ന് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതീപ്രവേശനത്തെ എതിർക്കുമെന്നാണ് വാർത്താസമ്മേളനത്തിൽ ബോ‌ർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുമെന്നും വിധിയെ എതിർക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

‘ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോർഡ് വിശദമായി ചർച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കണം. ബോർഡിന് ആശയക്കുഴപ്പമില്ല. വിശ്വാസികൾക്കൊപ്പമാണ് ബോർഡ്. ദേവസ്വം ബോർഡ് ഒരിക്കലും യുവതീപ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാം. 2020ലേത് അഭിഭാഷകന്റെ നിലപാടാണ്. കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്‌മൂലം നൽകും.

ശബരിമല തീർത്ഥാടനത്തിനായി പ്രത്യേക ബഡ്‌ജറ്റുണ്ടാകും. ശബരിമലയിൽ വിശദമായ ബഡ്‌ജറ്റ് ഉണ്ടായിട്ടില്ല. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിലൂടെ വരുമാനത്തിലെ ചോർച്ചയടക്കം തടയാൻ കഴിയും. ശബരിമലയിൽ കൃത്യമായ കണക്ക് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

ഇടയ്ക്കിടയ്ക്ക് അഡ്വാൻസ് കൊടുക്കുന്ന രീതിയടക്കം മാറ്റി കൂടുതൽ കാര്യങ്ങൾ പ്രൊഫഷണലായി ചെയ്യാനാകും. കച്ചവ‌ട സ്ഥാപനങ്ങൾക്ക് പുതിയ ടെൻഡർ രീതി കൊണ്ടുവരും. ലേലത്തിൽ എടുക്കുന്നവരുടെ കുത്തക ഒഴിവാക്കി കാര്യങ്ങൾ കൂടുതൽ സുതാര്യമാകും. ശബരിമലയിലെ സ്‌പോൺസർഷിപ്പിൽ സുതാര്യത ഉറപ്പാക്കും. ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് മാത്രമായിരിക്കും സ്‌പോൺസർഷിപ്പുണ്ടാവുക. താത്‌പര്യം അറിയിക്കുന്നവരിൽ നിന്ന് നേരിട്ട് സ്‌പോൺസർഷിപ്പ് സ്വീകരിക്കും. ഇതിനായി ഇടനിലക്കാരുണ്ടാകില്ല’- ജയകുമാർ വ്യക്തമാക്കി.


Source link

Related Articles

Back to top button