CINEMA

ശബരിമല മണ്ഡലകാലം , പണം കട്ട ജീവനക്കാരെ വിജിലൻസ് കുടുക്കും

ശ്രീഹരി രാമകൃഷ്ണൻ | Friday 13 February, 2026 | 12:08 AM

കൊച്ചി: ശബരിമലയിൽ മണ്ഡല, മകരവിളക്ക് കാലത്ത് ജീവനക്കാർ നടത്തിയ ലക്ഷങ്ങളുടെ പണമിടപാടുകളിൽ വിശദാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഈസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരം ശേഖരിച്ച് പരിശോധിക്കണം.

ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് ജസ്റ്റിസ് വി.രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.

സംഭവം ഗൗരവമേറിയതാണെന്ന് കോടതി പറഞ്ഞു. സന്നിധാനത്തെ എസ്.ബി.ഐ, ധനലക്ഷ്മി ബാങ്ക്, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിലെ ഇടപാട് വിവരങ്ങൾ ശേഖരിക്കണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്‌ക്കകം സമർപ്പിക്കണം. ഒരു വിഭാഗം താത്കാലിക ജീവനക്കാരും സ്ഥിരം ജീവനക്കാരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2025 നവംബർ 17 മുതൽ സമീപത്തെ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും കേന്ദ്രമാക്കി നടന്ന പണമിടപാടുകളെക്കുറിച്ച് വിജിലൻസ് രഹസ്യാന്വേഷണവും നടത്തിയിരുന്നു.

ക്രിമിനൽ അന്വേഷണത്തിനായി സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പടുത്തിയതായി ബോർ‌ഡ് അറിയിച്ചു. വിഷയം മാർച്ച് 11ന് വീണ്ടും പരിഗണിക്കും.

14.08 ലക്ഷത്തിന്റെ

മണി ഓർഡർ

 മണ്ഡല മകരവിളക്ക് ദിവസങ്ങളിൽ ചുരുങ്ങിയ 14.08 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് വഴി മണി ഓർഡറായി ചില ജീവനക്കാർ കൈമാറി

 ഒരു ജീവനക്കാരൻ 1.38 ലക്ഷത്തിന്റെയും മറ്റൊരാൾ 1.07 ലക്ഷത്തിന്റെയും ഇടപാട് നടത്തി. 5 പേർ 25,000 രൂപയിലേറെ വീട്ടുകാർക്ക് മണി ഓർഡ‌ർ അയച്ചു

 മറ്റ് മൂന്ന് പേരുടെ ഇടപാടുകളും സംശയാസ്പദമാണ്. വിജിലൻസ് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ഇവർ തയ്യാറായില്ല

ശബരിമലയിൽ വീണ്ടും
സാമ്പിൾ ശേഖരണം

ശബരിമല: പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരണം വീണ്ടും ആരംഭിച്ചു. എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ പിൻഭാഗത്തു നിന്നും വശങ്ങളിലെ തൂണുകളിൽ നിന്നുമാണ് ഇന്നലെ സാമ്പിൾ ശേഖരിച്ചത്. തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്ന് വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. ലീഗൽ മെട്രോളജി ജി.എ.ടി.എൽ അസെ മാസ്റ്റർ ടീമും എസ്.ഐ.ടിക്ക് ഒപ്പമുണ്ട്. സ്വർക്കൊള്ള കേസുമായി ബന്ധപ്പെട്ട് സാംപ്ലിംഗ് പ്രോസസ് നടത്തുന്നത് ലീഗൽ മെട്രോളജി, ഗോൾഡ് അസെയിംഗ് ആൻഡ് ടെസ്റ്റിംഗ് ലബോറട്ടറിയാണ്. വിജയ് മല്യ സ്വർണം പൊതിഞ്ഞ സന്നിധാനത്തെ മുഴുവൻ പാളികളിൽ നിന്നും സ്വർണത്തിന്റെയും ചെമ്പിന്റെയും സാമ്പിളുകൾ ശേഖരിക്കും. നഷ്ടപ്പെട്ട സ്വർണത്തിന്റെ തൂക്കം തിട്ടപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്.


Source link

Related Articles

Back to top button