ശബരിമല തന്ത്രിയുടെ അറസ്റ്റ്: ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമലസ്വര്‍ണക്കൊള്ളക്കേസില്‍ ജയിലില്‍ പോകേണ്ടവര്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍.വാസവനുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിരപരാധികളായ വിശ്വാസികളെയും തന്ത്രിമാരേയും ദ്രോഹിക്കാന്‍ ബിജെപി അനുവദിക്കില്ല. മുഖ്യമന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ കേസ് സിബിഐക്ക് കൈമാറണം. ശബരിമല തന്ത്രി കണ്ഠരരു രാജീവരരെ അറസ്റ്റ് ചെയ്തത് കടകംപള്ളി സുരേന്ദ്രനില്‍ നിന്നും വാസവനില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശബരിമല തന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരുവിധ തെളിവുകളുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമലയിലെ അഴിമതികളില്‍ നിന്നും കൊള്ളകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഈ അറസ്റ്റ് നാടകം കളിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ബിജെപി ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. കഴിഞ്ഞ ആറുമാസമായി എസ്ഐടി അന്വേഷിച്ചിട്ടും ശബരിമലയില്‍ നിന്ന് കാണാതായ നാലരക്കിലോ സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍പോറ്റിക്ക് പിന്നില്‍ ആരാണ് എന്നാണ് ജനങ്ങള്‍ക്കുംവിശ്വാസികള്‍ക്കും അറിയേണ്ടത്. അത് ചോദിക്കുമ്പോള്‍ ഒന്നും ചെയ്യാനാകുന്നില്ല എന്നാണ് എസ്ഐടി പറയുന്നത്. അതുകൊണ്ട് കേസ് സിബിഐക്ക് വിടണം. വിശ്വാസികളെയും തന്ത്രിമാരെയും ദ്രോഹിക്കാന്‍ ബിജെപി ആരെയും അനുവദിക്കില്ല. അത് പിണറായി വിജയനായാലും വി.ഡി സതീശനായാലും ബിജെപി എന്‍ഡിഎ ശക്തമായി പ്രതിരോധിക്കും.
സര്‍ക്കാരിന് വിശ്വാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം മാറ്റി പുതിയത് സമര്‍പ്പിക്കണം. ശബരിമല പ്രക്ഷോഭകാലത്ത് സാധാരണക്കാരായ അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത മൂവായിരത്തിലധികം കേസുകള്‍ ഉടന്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. എസ്.സുരേഷ്. സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Source link



