വെനസ്വേലയുടെ ‘വ്യോമാതിർത്തി അടച്ച് ” ട്രംപ്

വാഷിംഗ്ടൺ: വെനസ്വേലയ്ക്ക് ചുറ്റുമുള്ള വ്യോമാതിർത്തി അടച്ചതായി കണക്കാക്കണമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ എല്ലാ വിമാനങ്ങളുടെയും പൈലറ്റുമാരുടെയും മയക്കുമരുന്ന് ഇടപാടുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ശ്രദ്ധയ്ക്ക്… വെനസ്വേലയ്ക്ക് മുകളിലും ചുറ്റുമുള്ള വ്യോമാപാത അടച്ചതായി ദയവായി കണക്കാക്കൂ” തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
മറ്റൊരു രാജ്യത്തിന്റെ വ്യോമാതിർത്തി അടയ്ക്കാൻ യു.എസിന് നിയമപരമായി അധികാരമില്ല. എന്നാൽ, വെനസ്വേലയിൽ സൈനിക നടപടിക്കുള്ള നീക്കമാണോ ട്രംപ് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നതെന്ന അഭ്യൂഹം ഉയർന്നിട്ടുണ്ട്. ട്രംപിന്റെ പോസ്റ്റ് വെനസ്വേലയെ ഒഴിവാക്കാൻ എയർലൈനുകളെ പ്രേരിപ്പിച്ചേക്കാം. യു.എസിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പേരിൽ വെനസ്വേലയ്ക്ക് മേൽ ട്രംപ് പിടിമുറുക്കുന്നതിനിടെയാണിത്.
വെനസ്വേലയെ ആക്രമിക്കാൻ മടിക്കില്ലെന്ന് ട്രംപ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. വെനസ്വേലയിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നതെന്ന് കരുതുന്ന ബോട്ടുകളെ തകർക്കാൻ കരീബിയനിൽ സൈനിക ദൗത്യത്തിന് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. 21 ആക്രമണങ്ങളിലൂടെ 80ലേറെ പേരെ ഇത്തരത്തിൽ വധിച്ചു. എന്നാൽ ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ യു.എസ് നൽകിയിട്ടില്ല.
അതേ സമയം, തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമെന്നാണ് യു.എസ് ആരോപണങ്ങളോടുള്ള വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പ്രതികരണം. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിയായ യു.എസ്.എസ് ജെറാൾഡ് ഫോർഡിനെയും 15,000 സൈനികരെയും യു.എസ് വെനസ്വേലയ്ക്ക് സമീപം കടലിൽ വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഡുറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 5 കോടി ഡോളറാണ് യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
Source link



