LATEST

വിഷപ്പാമ്പുകളുടെ പല്ലിന്റെ പ്രത്യേകത, അണലി കടിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഈ ഉപകരണം പോലെ

മനുഷ്യവാസം കൂടുതലുള്ള പ്രദേശങ്ങളില്‍ പോലും ഇന്ന് വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. നമ്മുടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മഴക്കാലത്ത് പാമ്പിന്റെ കടിയേറ്റുള്ള മരണങ്ങള്‍ വളരെ കൂടുതലാണ്. അടുത്തിടെ പുറത്തുവന്ന ചില കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. പാമ്പുകളെ കുറിച്ചും അവയുടെ കടിയേല്‍ക്കുകയാണെങ്കില്‍ ചെയ്യേണ്ട കാര്യത്തെക്കുറിച്ചും ഇന്ന് വലിയ ബോധവത്കരണം തന്നെ നടക്കുന്നുണ്ട്.

എന്നാല്‍ പാമ്പിന്റെ കടിയേല്‍ക്കുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ അറിവില്ല. അതുകൊണ്ട് തന്നെ തെറ്റായ പല പ്രവണതകളും ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ ചെയ്ത്കൂട്ടുന്നവരുണ്ട്. എന്നാല്‍ കൃത്യമായ അറിവില്ലാതെയുള്ള പ്രവര്‍ത്തികള്‍ മരണം വേഗത്തിലാക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്. ഉദാഹരണത്തിന് പാമ്പുകള്‍ കടിക്കുമ്പോള്‍ അവ മനുഷ്യ ശരീരത്തില്‍ വെറുതെ മാന്തി വിടുകയല്ല ചെയ്യുന്നത്.

ഒരാളെ കടിക്കുമ്പോള്‍ പാമ്പിന്റെ വിഷപ്പല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് ഒരു സിറിഞ്ച് (കുത്തിവയ്പ്പ് സൂചി) പോലെയാണ്. അണലി പോലെയുള്ള അതിമാരക വിഷമുള്ള പാമ്പിന്റെ പല്ലുകള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. പാമ്പുകളുടെ കണ്ണിന് സമീപത്തായിട്ടാണ് വിഷ സഞ്ചി സ്ഥിതി ചെയ്യുന്നത്. ഒരു കുപ്പിയില്‍ വെള്ളം നിറച്ച ശേഷം അതില്‍ അമര്‍ത്തുന്നത് പോലെയാണ് വിഷസഞ്ചികളുടെ പ്രവര്‍ത്തനം. പാമ്പ് ഒരാളെ ആഞ്ഞ് കടിക്കുമ്പോള്‍ വിഷസഞ്ചി പ്രവര്‍ത്തിക്കുകയും വിഷപ്പല്ലിലൂടെ വിഷം പുറത്തേക്ക് പാഞ്ഞൊഴുകുകയും ചെയ്യും.

കണ്ണിമ ചിമ്മുന്ന വേഗത്തിലാണ് വിഷം പല്ലിലെ കുഴലിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതും രക്തവുമായി ചേരുന്നതും. അണലിയുടെ കടിയേല്‍ക്കുമ്പോള്‍ അതിന്റെ പല്ലിന്റെ മൂര്‍ച്ച തന്നെയാണ് കൂടുതല്‍ വിഷം അകത്തേക്ക് പ്രവേശിക്കുന്നതിന് കാരണം. അതുപോലെ തന്നെ കൂര്‍ത്ത് നീണ്ട് അറ്റം വളഞ്ഞിരിക്കുന്ന ഇവയുടെ കടിയേല്‍ക്കുന്ന ഭാഗത്തെ മുറിവും മറ്റ് പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും.


Source link

Back to top button