LATEST

വിവാഹത്തിനെത്തിയപ്പോൾ വധുവില്ല,​ പണവും പോയി; ഗോസംരക്ഷകനെ വിവാഹ വാഗ്‌ദാനം നൽകി പറ്റിച്ചെന്ന് പരാതി

ഛണ്ഡിഗഡ്: സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്‌റംഗിയെ വിവാഹവാഗ്‌ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയതായി പരാതി. അയൽക്കാരനും കൂട്ടാളിയും ചേർന്ന് വിവാഹവാ‌ഗ്‌ദാനം നൽകി പണം തട്ടിയെന്നാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ഫരീദാബാദ് പൊലീസ് കേസെടുത്തു. അയൽവാസിയുടെ ബന്ധുവായ ബണ്ടിയാണ് വിവാഹ വാഗ്‌ദാനം നൽകി പണം തട്ടിയത്.

നൂഹ് അക്രമ കേസിലെ പ്രതിയായ ബിട്ടു ഗാസിപൂരിൽ പച്ചക്കറി വ്യാപാരം നടത്തിവരികയാണ്. തനിക്കൊരു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അനുയോജ്യമായ പെൺകുട്ടികളുണ്ടെങ്കിൽ അറിയിക്കണമെന്നും ബിട്ടു തന്റെ അയൽവാസിയോട് പറയുന്നിടത്തുനിന്നാണ് തട്ടിപ്പിന്റെ കഥ ആരംഭിക്കുന്നത്. അയൽവാസി അയാളുടെ ബന്ധുവായ ബണ്ടിയെ ബിട്ടുവിന് പരിചയപ്പെടുത്തുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ബണ്ടി റാണി എന്ന സ്‌ത്രീയെ ബിട്ടുവിന് പരിചയപ്പെടുത്തി. തുടർന്ന് ഇരുവരും ചേർന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ബിട്ടുവിന് കൈമാറി. തനിക്ക് ഇഷ്‌ടപ്പെട്ട ഒരു പെൺകുട്ടിയുടെ ചിത്രം സെലക്‌ട് ചെയ്‌ത് വിവാഹത്തിന് താൽപര്യമുണ്ടെന്ന് പറഞ്ഞ് ബണ്ടിയെ അറിയിച്ചു.

തുടർന്ന് 2025 സെപ്‌തംബർ അഞ്ചിന് റാണിയും ബണ്ടിയും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ബിട്ടു ബജ്‌റംഗിയെ കാണാനെത്തി. ഫെബ്രുവരി ഏഴിന് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്‌തു. പെൺകുട്ടിയുടെ വീട്ടുകാർക്ക് വിവാഹവസ്‌ത്രം വാങ്ങാനായി 30,000 രൂപ ബിട്ടു, ബണ്ടിക്ക് കൈമാറി. എന്നാൽ വിവാഹദിവസം അലിഗഡിലെത്തിയപ്പോൾ വധുവിന്റെ വീട്ടുകാരെ കാണാതാവുകയായിരുന്നു. ബണ്ടിയുടെയും റാണിയുടെയും ഫോൺ സ്വിച്ച് ഓഫുമാണ്. ബിട്ടുവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചു.

അതേസമയം, താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും മരിച്ചുപോയ സഹോദരന്റെ മകനെ ഓർത്താണ് അതിന് സമ്മതിച്ചതെന്നും ബിട്ടു ബജ്‌റംഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.


Source link

Related Articles

Back to top button