വിവാഹത്തിനും ആരാധനാലയങ്ങളിലും ഇനി ഗ്യാസ് മുടങ്ങില്ല, സിലിണ്ടർ ലഭിക്കാൻ സംവിധാനമൊരുങ്ങി

തിരുവനന്തപുരം: വിവാഹം, ഗൃഹപ്രവേശം, അടിയന്തരം, ആരാധനാലയങ്ങളിലെ ചടങ്ങുകൾ എന്നിവയ്ക്ക്വാണിജ്യ എൽ.പിജി സിലിണ്ടർ ലഭ്യമാക്കാൻ എസ്.ഒ.എസ് സംവിധാനം നിലവിൽ വന്നു. സംസ്ഥാന സർക്കാർ സജ്ജമാക്കിയ എൽ.പി.ജി പോർട്ടൽ വഴി അടിയന്തര ആവശ്യങ്ങൾക്കായി ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും മറ്റും എസ്.ഒ.എസ് അപേക്ഷ സമർപ്പിക്കാം.
വിതരണ ഏജൻസികളിൽ ഉപയോക്താക്കളായി രജിസ്റ്റർ ചെയ്തിട്ടില്ലാത്തഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ നടത്തണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര ഉപയോക്താക്കളുണ്ടെന്നും എത്ര സിലിണ്ടറാണ് പ്രതിദിന ഉപഭോഗമെന്നും വിലയിരുത്താനാണിത്. എണ്ണക്കമ്പനികളിൽ നിന്നു സ്വകാര്യ ഏജൻസികളിൽ എത്തിയിരുന്ന വാണിജ്യ സിലിണ്ടറുകൾ ഇത്തരം സ്ഥാപനങ്ങൾ വാങ്ങുകയായിരുന്നു പതിവ്. വാണിജ്യ സിലിണ്ടറിന്റെ ഉൽപാദനത്തിൽ കുറവു വന്നതോടെ ഇതു നിലച്ചു.വാണിജ്യ ഉപയോക്താക്കളായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അനുവദിക്കാവുന്നതിന്റെ 10% സിലിണ്ടറാണ് ഇപ്പോൾ നൽകുന്നത്. ഇത് അടുത്തദിവസങ്ങളിൽ 20% വരെ വർധിപ്പിച്ചേക്കും. ഇതു സംബന്ധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുമായി നടത്തിയ ചർച്ചകളിൽ ധാരണയായിട്ടുണ്ട്. പ്രതിദിനം നാൽപതിനായിരത്തിലേറെ വാണിജ്യ സിലിണ്ടറുകളാണ് എണ്ണക്കമ്പനികൾ കേരളത്തിൽ വിതരണം ചെയ്തിരുന്നത്. രജിസ്‌ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾ വാങ്ങിയിരുന്നതിന്റെ കണക്ക് കൃത്യമായിരുന്നില്ല. ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം തിട്ടപ്പെടുത്തുന്നതിൽ വീഴ്ച സംഭവിക്കാൻ ഇത് ഇടയാക്കി.
Source link



