LATEST

‘വിവാഹത്തിനായി താലിവരെ വാങ്ങി, അവിടെ പോയില്ലായിരുന്നെങ്കിൽ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു’

മലയാളത്തിലെ ശ്രദ്ധേയരായ ഹാസ്യകലാകാരികളിൽ ഒരാളായിരുന്നു സുബി സുരേഷ്. മിമിക്രി കലാകാരി കൂടിയായിരുന്ന സുബി സുരേഷിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവച്ച കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. സൗന്ദര്യത്തിനും ചെയ്യുന്ന ജോലിക്കും പ്രാധാന്യം നൽകിയിരുന്ന നടി ആരോഗ്യത്തിന് ശ്രദ്ധ നൽകാതിരുന്നതാണ് അകാലമരണത്തിന് ഇടയാക്കിയതെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. 41-ാംവയസിൽ കരളിന്റെ ആരോഗ്യം വഷളായതിനെ തുടർന്നാണ് സുബി മരണപ്പെട്ടത്. ജീവിതപ്രശ്‌നങ്ങളെല്ലാം ഓരോന്നായി തീർത്ത് വിവാഹത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന സമയത്താണ് സുബി മരിച്ചതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

‘മനുഷ്യൻ പണം ഉണ്ടാക്കാനായി ആരോഗ്യം ത്യജിക്കുന്നു. തുടർന്ന് ആരോഗ്യത്തിനായി പണം ത്യജിക്കുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്ക മൂലം ഇന്നത്തെ ജീവിതം ആസ്വദിക്കുന്നില്ല. ഒരിക്കലും മരിക്കില്ലെന്ന് കരുതി ജീവിക്കുന്നു. എന്നിട്ട് ഒരിക്കലും ജീവിക്കാതെ മരിച്ചുപോകുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷ്‌റഫ് വീഡിയോ ആരംഭിക്കുന്നത്. കെപിഎസി ലളിതയെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

ഫെബ്രുവരി 22, നമുക്ക് സിനിമ മേഖലയിൽ ദുഃഖവും നഷ്‌ടവും സമ്മാനിച്ച ദിവസമാണ്. 2022 ഫെബ്രുവരി 22-ാം തീയതിയാണ് കെപിഎസി ലളിതയെന്ന ആ വലിയ കലാകാരി ജീവിതത്തിൽ നിന്നും സിനിമയിൽ നിന്നും പറന്നകന്നത്. അതുപോലെതന്നെ 2023 ഫെബ്രുവരി 22-ാം തീയതിയായിരുന്നു ടെലിവിഷൻ ചാനലുകളിലൂടെ നമുക്ക് സന്തോഷം പകർന്നുതന്ന സുബി സുരേഷിന്റെ വേർപാട്. ഇവർക്ക് രണ്ട്പേർക്കും കരൾ സംബന്ധമായ അസുഖങ്ങളും മറ്റു നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ലളിത ചേച്ചിയെ സംബന്ധിച്ച് ജീവിതത്തിലെ എല്ലാ മേഖലകളിലൂടെയും സഞ്ചരിച്ച വ്യക്തിയാണ്. വിവാഹം, ഭർത്താവ്, കുടുംബം, കുട്ടികൾ കൂടാതെ കരിയറിൽ ഉയർച്ച താഴ്‌ചകളും രാഷ്‌ട്രീയവും ഒക്കെയായി 74 വയസുവരെ ജിവിച്ച് ജീവിതം എന്തെന്ന് അറിഞ്ഞ ശേഷമായിരുന്നു മടക്കയാത്ര. എന്നാൽ, സുബിയെ സംബന്ധിച്ച് ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളിൽ നിന്നും ഒരുവിധം കരകയറി സ്വന്തം ജീവിതം കെട്ടിപ്പെടുക്കുവാനുള്ള അതിയായ ആഗ്രവും മോഹവുമായി 41-ാമത്തെ വയസിൽ അകാലത്തിൽ പൊലിയുകയായിരുന്നു.

ആശുപത്രിക്കിടക്കയിൽ നിന്നും സുബി പങ്കുവച്ച വീഡിയോയെക്കുറിച്ചും ആലപ്പി അഷ്‌റഫ് സംസാരിക്കുന്നുണ്ട്. തന്റെ കൈയിലിരിപ്പ് നല്ലതല്ലാത്തതുകൊണ്ട് ആശുപത്രിയിൽ കയറിയെന്നാണ് സുബി വീഡിയോയിൽ പറഞ്ഞത്. സമയത്ത് ഭക്ഷണവും മരുന്നും കഴിക്കാത്തതാണ് സുബിയെ ആശുപത്രിക്കിടക്കയിൽ എത്തിച്ചതെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.

‘സ്വന്തം ആരോഗ്യം നോക്കാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് അവർ കഷ്‌ടപ്പെട്ടത് മുഴുവൻ തന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയായിരുന്നു. സുബിയുടെ കഷ്‌ടപ്പാടിന്റെ ഫലമായി ആ കുടുംബം ഒരുവിധം നല്ലരീതിയിൽ രക്ഷപ്പെടുകയും ചെയ്‌തു. വാടകവീട്ടിൽ കഴിഞ്ഞിരുന്ന അവർ സ്വന്തമായി സ്ഥലം വാങ്ങി. അതിൽ രണ്ട് നിലയുള്ള ഒരു വീട് കെട്ടിപ്പൊക്കി താമസവുമാക്കി. ഇനിയൊരു വിവാഹമൊക്കെ ആകാമെന്ന കണക്കുകൂട്ടലോടെ ഒരുപാട് സ്വപ്നങ്ങൾ നെയ്‌തുകൂട്ടി. താൻ പ്രണയിച്ചിരുന്ന രാഹുലിനെ വിവാഹം കഴിക്കാനും തീരുമാനിച്ചുറപ്പിച്ചു. ആ ഉറപ്പിന്മേൽ രാഹുൽ താലിമാലയും വാങ്ങിവച്ചു. എന്നാൽ അത് സുബിയുടെ കഴുത്തിൽ അണിയിക്കാനും ഒന്നാകുവാനും വിധി അവരെ അനുവദിച്ചില്ല. എല്ലാ മോഹങ്ങളെയും തന്റെ പ്രിയപ്പെട്ടവനെയും ബന്ധുക്കളെയുമെല്ലാം ഉപേക്ഷിച്ച് ആ പാവത്തിന് മടങ്ങേണ്ടി വന്നു.

സുബിയുടെ അമ്മ പറയുന്ന ഒരു കാര്യമുണ്ട്. അന്നത്തെ ജാർഖണ്ഡ് പരിപാടിക്ക് പോയില്ലായിരുന്നെങ്കിൽ സുബി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന്. ബിൽറൂബിൻ ലെവൽ വളരെ കൂടിയിരുന്ന സമയത്താണ് ജാർഖണ്ഡിലെ പ്രോഗ്രാമിന് പോകുവാൻ ഡോക്‌ടർ അനുവാദം നൽകിയത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ സുബിക്ക് അസുഖം കൂടി ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പക്ഷേ അവിടെനിന്നും അവളെ ജീവനോടെ തിരിച്ച് കൊണ്ടുപോരാൻ എനിക്ക് കഴിഞ്ഞില്ലെന്ന് ആ അമ്മ വിലപിക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ വാക്കുകൾ സത്യം തന്നെയാണ്. രോഗത്തിന്റെ കാഠിന്യം അറിയാമായിരുന്ന ഡോക്‌ടർ ആ യാത്ര തടയേണ്ടതായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനെ സംഭവിക്കില്ലായിരുന്നു’- ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button