വിവാദ പരാമർശം: ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എം.എൽ.എ’എന്ന വിവാദ പരാമർശത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ജില്ലാ കലക്ടറാണ് നടപടിക്ക് ഉത്തരവിട്ടത്.48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എൽ.എയില്ലെന്നും ഇടതും വലതും ഹൈന്ദവ സ്ഥാനാർത്ഥികളെ അവഗണിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അമ്പലം കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് താൻ വന്നിരിക്കുന്നത്. മലപ്പുറം ജില്ലയിൽ സംവരണ മണ്ഡലമൊഴികെ ഒരിടത്തും ഇടത്,വലത് മുന്നണികൾക്ക് ഹിന്ദു സ്ഥാനാർത്ഥികളില്ല. ഗുരുവായൂരപ്പന്റെ മണ്ണിൽ നിന്ന് മതരാഷ്ട്രവാദികളെ ആട്ടിയോടിക്കാനുള്ള നിയോഗം തനിക്കാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകൾ.
Source link


