വിവാദമായ പുസ്തകം പ്രസിദ്ധീകരിച്ചോ? തർക്കങ്ങൾക്കിടെ പ്രതികരിച്ച് എം എം നരവനെ

ന്യൂഡൽഹി: കരസേനാ മുൻ മേധാവി ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുകയാണ്. ഇതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് എം എം നരവനെ. ‘ഇതാണ് പുസ്തകത്തിന്റെ ഇപ്പോഴത്തെ സ്ഥിതി’ എന്ന കുറിപ്പോടെ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുറത്തുവിട്ട കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. എക്സിലൂടെയാണ് ജനറൽ നരവനെ കുറിപ്പ് പങ്കുവച്ചത്.
പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പതിപ്പ് ചോർന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഡൽഹി പൊലീസ് സംശയിക്കുന്നത്. പുസ്തകത്തിന്റെ ഹാർഡ് കോപ്പി രാഹുൽഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. നരവനയുടെ ഓർമ്മക്കുറിപ്പായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’യെച്ചൊല്ലിയാണ് വിവാദങ്ങൾ ഉയരുന്നത്.
പുസ്തകത്തിന്റെ അനധികൃത പതിപ്പുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിനു നൽകിയിട്ടില്ലെന്ന് പെൻഗ്വിൻ ബുക്സ് പ്രസ്താവനയിറക്കി. ഡിജിറ്റലായോ അല്ലാതെയോ പുസ്തകത്തിന്റെ ഒരു പതിപ്പും പുറത്തിറക്കിയിട്ടില്ലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ രാഹുൽ ഗാന്ധി പുസ്തകത്തിന്റെ പതിപ്പുമായി എത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ലോക്സഭയിൽ ഈ വിഷയം രൂക്ഷമായ തർക്കത്തിന് കാരണമായി. ഇത് ആവർത്തിച്ചുള്ള തടസ്സങ്ങൾക്കും എട്ട് എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിലേക്കും നയിച്ചു.
പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ, പുസ്തകം അതിന്റെ അംഗീകൃത രൂപത്തിൽ ലഭ്യമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. നിലവിലുള്ള നിയമങ്ങൾ പ്രകാരം, മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് അവരുടെ രഹസ്യാത്മക വസ്തുതകൾ അടങ്ങിയ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MM NARAVANE, FORMER ARMY CHIEF, BOOK ISSUE
Source link



