LATEST

വില ഇരട്ടിയായിട്ടും കേരളത്തില്‍ കച്ചവടം പൊടിപൊടിക്കുന്നു, ‘മഴ പെയ്യാതെ ആവശ്യക്കാര്‍ കുറയില്ല’


പത്തനംതിട്ട: കനത്ത ചൂടില്‍ ശരീരം അല്‍പ്പം തണുപ്പിക്കാന്‍ പഴവര്‍ഗങ്ങള്‍ കഴിക്കാമെന്ന് വിചാരിച്ചാല്‍ കൈയും പൊള്ളും പേഴ്‌സും കാലിയാകും. പഴവര്‍ഗങ്ങള്‍ക്കെല്ലാം തീ വിലയാണ്. ആവശ്യക്കാര്‍ കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാന്‍ കാരണം.


വില മുകളിലേയ്ക്ക് ഉയര്‍ന്നിട്ടും നിയന്ത്രണമേര്‍പ്പെടുത്താന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. ആവശ്യക്കാര്‍ കൂടുതലായെത്തുമ്പോള്‍ തോന്നുന്ന പോലെ വില ഉയര്‍ത്തുകയാണ്. ഇതിന് ബില്ലും നല്‍കാറില്ല. ഊട്ടി, മൈസൂര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേയ്ക്ക് കൂടുതലായി പഴവര്‍ഗങ്ങള്‍ എത്തുന്നത്.


എന്നാല്‍ വിപണി വിലയുടെ പകുതിപോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ചൂട് കൂടുമ്പോള്‍ പൊതുയിടങ്ങളില്‍ മുമ്പ് വ്യാപകമായി തണ്ണീര്‍പ്പന്തലുകള്‍ ഉയര്‍ന്നിരുന്നെങ്കിലും വിലക്കയറ്റം അവയ്ക്ക് മുകളിലും ഷട്ടര്‍ വീഴ്ത്തിയിരിക്കുകയാണ്.

ആപ്പിളാണ് താരം

യു.എസ്, ന്യൂസിലാന്‍ഡ്, ഇറ്റലി, തുര്‍ക്കി, ഇറാന്‍, ന്യൂസിലാന്‍ഡ് പിങ്ക് ലേഡി തുടങ്ങി വിവിധ തരം ആപ്പിളുകള്‍ വിപണിയിലുണ്ട്. മധുരം കൂടിയും കുറഞ്ഞും പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പിളുകളും ഇക്കൂട്ടത്തിലുണ്ട്. 300 മുതല്‍ 380 രൂപ വരെയാണ് വില. ഇറക്കുമതി ചെയ്യുന്ന ആപ്പിളുകളാണ് ജില്ലയില്‍ കൂടുതലായുള്ളത്.

പിന്നില്‍ തണ്ണിമത്തന്‍

പഴവര്‍ഗങ്ങളില്‍ തണ്ണി മത്തനാണ് വില കുറവ്. കിലോഗ്രാമിന് നാല്‍പ്പത് രൂപ മുതലാണെങ്കിലും മൂന്ന് കിലോയില്‍ കുറഞ്ഞ തണ്ണിമത്തന്‍ ലഭിക്കാറില്ല. മഞ്ഞ, വെള്ള, പച്ച തണ്ണിമത്തനുകള്‍ ലഭ്യമാണ്. മഞ്ഞയ്ക്ക് പുറമേ പച്ച തണ്ണിമത്തനാണ് കൂടുതല്‍ ആവശ്യക്കാര്‍.


പഴ വര്‍ഗങ്ങളും വിലയും


ഓറഞ്ച് 100-120

മുന്തിരി 100-160

പേരയ്ക്ക 120-140

ഡ്രാഗണ്‍ ഫ്രൂട്ട് 160-180

തണ്ണിമത്തല്‍ 40-60

മൊസമ്പി 180-200

മാതളം 280-290

പൈനാപ്പിള്‍ 60-80

കിവി 260

ആപ്പിള്‍ 300-380


പഴവര്‍ഗങ്ങള്‍ക്ക് വില ഉയര്‍ന്നു. ആവശ്യക്കാര്‍ കൂടുതലാണ്. ചൂടിനെ പ്രതിരോധിക്കാനും ഭക്ഷണ ഡയറ്റിനുമെല്ലാം പഴങ്ങള്‍ ധാരാളമായി വാങ്ങുന്നവരുണ്ട്.- നിസാം, വ്യാപാരി


Source link

Related Articles

Back to top button