സ്ത്രീകൾക്ക് കുറച്ച് സമയം മാത്രം മതി, എന്നാൽ പുരുഷന്മാർക്ക് വേണ്ടത് ഇരട്ടി സമയം; പുതിയ പഠനം

ആളുകളിൽ ഹൃദയാഘാതങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഹൃദയാരോഗ്യം നിലനിർത്താൻ വ്യായാമത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. ഹൃദയത്തിന്റെ പേശികളെ ശക്തിപ്പെടുത്താൻ സ്ത്രീകളും പുരുഷന്മാരും പതിവായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ, കൊഴുപ്പടിയുന്നതു കാരണം ഉണ്ടാകുന്ന കൊറോണറി ഹൃദ്രോഗത്തിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പകുതി സമയം വ്യായാമം ചെയ്താൽ മതിയാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
യുകെ ബയോബാങ്ക് കോഹോർട്ടിലെ 85,000ത്തിലധികം ആളുകളെ ഏഴ് വർഷത്തോളം ആക്ടിവിറ്റി ട്രാക്കറുകൾ ഉപയോഗിച്ച് നിരീക്ഷിച്ചാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. നേച്ചർ കാർഡിയോവാസ്കുലർ റിസർച്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിയുന്നതു കാരണം രക്തയോട്ടം കുറയുന്ന അവസ്ഥയാണ് കൊറോണറി ഹൃദ്രോഗം. ഇതിനെ ‘കൊറോണറി ആർട്ടറി ഡിസീസ്’ എന്നും വിളിക്കാറുണ്ട്.
ഹൃദയാരോഗ്യം നിലനിർത്താൻ പുരുഷന്മാർ സ്ത്രീകളെക്കാൾ രണ്ടിരട്ടി കൂടുതൽ വ്യായാമം ചെയ്യേണ്ടതുണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ആഴ്ചയിൽ 250 മിനിട്ട് (ദിവസവും ഏകദേശം 35 മിനിറ്റ്) വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് ഹൃദ്രോഗ സാദ്ധ്യത 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. എന്നാൽ ഇതേ 30 ശതമാനം നേടാൻ പുരുഷന്മാർക്ക് ആഴ്ചയിൽ ഏകദേശം 530 മിനിട്ട് (ദിവസവും ഏകദേശം 75 മിനിട്ട്) വ്യായാമം ആവശ്യമാണ്.
ഹൃദ്രോഗികളായ 5,000ത്തോളം പേരെ നിരീക്ഷിച്ചതിൽ നിന്ന് കൃത്യമായ വ്യായാമം ചെയ്ത സ്ത്രീകളിൽ മരണ സാദ്ധ്യത മൂന്നിരട്ടിയായി കുറഞ്ഞു. എന്നാൽ ഇതേ ഗുണം ലഭിക്കാൻ പുരുഷന്മാർക്ക് ആഴ്ചയിൽ ഇരട്ടിയിലധികം വ്യായാമം പതിവാക്കേണ്ടി വരും. തൊഴിലിടങ്ങളിലെ സമ്മർദ്ദം പരിഗണിച്ചാൽ പോലും, മിതമായ അളവിലുള്ള വ്യായാമം സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണങ്ങൾ ഏറെ നൽകുമെന്നാണ് പഠനത്തിലൂടെ വ്യക്തമാക്കുന്നത്. ലോകമെമ്പാടും, ഓരോ മൂന്ന് സ്ത്രീകളിലും ഒരാൾ ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലമാണ് മരിക്കുന്നതെന്നും പഠനം സൂചിപ്പിക്കുന്നു.
എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് പകുതി സമയം വ്യായാമം ചെയ്താലും പുരുഷന്മാരുടേതിന് സമാനമായി തുല്യമായ ആരോഗ്യഗുണങ്ങളായിരിക്കും ലഭിക്കുക. ഈ കണ്ടെത്തൽ വ്യായാമം ചെയ്യാൻ സ്ത്രീകളെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് നേച്ചർ കാർഡിയോവാസ്കുലർ റിസർച്ച് ജേണലിലെ ഗവേഷകർ ചൂണ്ടികാണിക്കുന്നത്.
ഇതിനു പിന്നിലെ യുക്തി എന്താണെന്ന് പഠനത്തിലെ ഗവേഷകനായ ചെൻ പറയുന്നത് ഇങ്ങനെ: ‘പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കൂടുതലാണ്. വ്യായാമം ചെയ്യുമ്പോൾ കൊഴുപ്പ് കുറയ്ക്കാൻ ഈസ്ട്രജൻ സഹായിക്കും. കൂടാതെ പുരുഷന്മാർക്കുള്ള ഫാസ്റ്റ്-സ്വിച്ച് പേശികളെക്കാൾ സ്ത്രീകൾക്ക് കൂടുതലുള്ള സ്ലോ-ട്വിച്ച് പേശികൾ വ്യായാമത്തിന്റെ കാര്യക്ഷമതയെ സ്വാധീനിക്കുന്നുണ്ട്. ഈ ശാരീരിക വ്യത്യാസങ്ങളാണ് കുറഞ്ഞ സമയം കൊണ്ടുള്ള വ്യായാമത്തിലൂടെ സ്ത്രീകൾക്ക് രോഗ സാദ്ധ്യത കുറയുന്നത്.’
കൊറോണറി ഹൃദ്രോഗ സാദ്ധ്യത പുരുഷന്മാർക്കാണ് കൂടുതലെങ്കിലും, ഓസ്ട്രേലിയയിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണം ഒരു ദിവസം ശരാശരി 20 സ്ത്രീകളെങ്കിലും മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ, പുതിയ കണ്ടെത്തലുകൾ ജീവിതത്തിൽ വ്യായാമം പതിവാക്കാൻ സ്ത്രീകളെ പ്രചോദിപ്പിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
Source link

