LATEST

വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചു; അരങ്ങൊഴിഞ്ഞത് ബോളിവുഡ് ഇതിഹാസം

മുംബയ്:വിഖ്യാത നടൻ ധർമേന്ദ്ര (89) അന്തരിച്ചു. തൊണ്ണൂറാം ജന്മദിനത്തിന് ആഴ്ചകൾ ബാക്കിനിൽക്കേയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. മുംബയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ഡിസംബർ എട്ടിന് തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്‌ത്രക്രിയ നടത്തിയിരുന്നു. സംവിധായകൻ കരൺ ജോഹർ ട്വീറ്റിലൂടെ മരണം സ്ഥിരീകരിച്ചു.

1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തെത്തുന്നത്. തുടർന്ന് ഒട്ടനവധി ചിത്രങ്ങളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചു. അദ്ദേഹം അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമാമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ അദ്ദേഹത്തിന് ആറ് മക്കളുണ്ട്.

ചികിത്സയിലിരിക്കെ ധർമേന്ദ്ര മരണപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങളിലടക്കം നേരത്തേ വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഹേമമാലിനിയും മക്കളും വാർത്ത നിഷേധിക്കുകയായിരുന്നു. അദ്ദേഹം സുഖംപ്രാപിച്ചുവരുന്നതായി ബന്ധുക്കൾ അറിയിക്കുകയും ചെയ്‌തിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button