LATEST

വായു മലിനീകരണം: പ്രതിഷേധിച്ച 6 പേരെ റിമാൻഡ് ചെയ്തു

ന്യൂഡൽഹി: വായു മലിനീകരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായവരിൽ ആറുപേരെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ്‌ ചെയ്തു. ഞായറാഴ്ച ഇന്ത്യാ ഗേറ്റ് പരിസരത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയുടെ ചിത്രവും മാവോയിസ്റ്റ് അനുകൂല പ്ലക്കാർഡുകളും ഉപയോഗിച്ചിരുന്നു. പൊലീസിന് നേരെ കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. തുടർന്നാണ് വിദ്യാർത്ഥികളടക്കമുള്ള 23 പേരെ അറസ്റ്റ് ചെയ്തത്. 17 പേർക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ആറ് പേർക്കെതിരെ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്‌പ്രേ പ്രയോഗത്തിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടായ പത്ത് പൊലീസുകാർ ചികിത്സയിലാണ്.
അറസ്റ്റിലായവരെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആറ് പേരെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം ഉയർത്തിയവരും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചവരുമാണ് ഇവർ. പൊലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദനമേറ്റതായി അറസ്റ്റിലായവർ പരാതിപ്പെട്ടു.
അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാരം ഇന്നലെ വീണ്ടും വളരെ മോശമായി. കഴിഞ്ഞ ദിവസം 327 ആയിരുന്ന ശരാശരി എ.ക്യു.ഐ ഇന്നലെ 351 ആയി ഉയർന്നു. വരുംദിവസങ്ങളിലും വായുമലിനീകരണം രൂക്ഷമായി തുടരുമെന്നാണ് മുന്നറിയിപ്പ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button