LATEST

ലോറിയിൽ‌നിന്നും സ്‌ഫോടകവസ്‌തു ശേഖരം പിടികൂടിയ സംഭവം, ഡ്രൈവറടക്കം രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: തിരൂരങ്ങാടി ചെമ്മാട് കോഴിക്കോട് റോഡിലെ ഹോളോ ബ്രിക്‌സ് കമ്പനിയിലെത്തിയ ലോറിയിൽ നിന്നും വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി അനിൽകുമാർ (51), കാസർകോട് ചിറ്റാരിക്കൽ സ്വദേശിയെന്ന് കരുതുന്ന സജി എന്ന മുഹമ്മദ് സലിം (52) എന്നിവരെയാണ് കണ്ണൂരിൽ നിന്നും തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിൽ സജി മുൻപ് നാല് കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ ഈരാറ്റുപേട്ട, സുൽത്താൻ ബത്തേരി, കൊണ്ടോട്ടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയാണ് ലോറി ഉടമ. ഇവരുടെ ഭർത്താവാണ് വാഹനം നോക്കിയിരുന്നത്. വെള്ളിയാഴ്‌ച സവാള കയറ്റിവന്ന ലോറിയിൽ കാർഡ്‌ബോർഡ് ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കൾ. അത്യുഗ്രശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ വയറുകൾ എന്നിവയാണ് തിരൂരങ്ങാടി എസ്.എച്ച്.ഒ ബി. പ്രദീപ് കുമാറും സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയത്. ലോറിയിൽ 130 ചാക്ക് സവാള ഉണ്ടായിരുന്നു. അതിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തുക്കൾ. 300 ഷോക് ട്യൂബ് വയറുകളടങ്ങിയ 35 പെട്ടികളും 300 എക്സ്‌പ്ലോസീവ് ജലാറ്റിൻ സ്റ്റിക്കുകളടങ്ങുന്ന 448 പെട്ടികളുമാണ് പിടികൂടിയത്‌.

ലോറിയിലെ സവാള ചെറിയ ലോറിയിലേക്ക് മാറ്റാൻ ഒരു സംഘം വെള്ളിയാഴ്‌ച രാത്രി എത്തിയിരുന്നു. ഇതോടൊപ്പം കാറിലും ഒരുസംഘം ആളുകളുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ ഇവരെല്ലാം സ്ഥലംവിട്ടു. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ക്വാറിയിലേക്ക് ആവശ്യമായ സ്‌ഫോടകവസ്‌തുക്കൾ കൊണ്ടുവന്നിരുന്ന സംഘമായിരുന്നു ഇവ‌ർ. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലേക്ക് രാസവള ലഹരി എത്തിക്കുന്ന സംഘവുമായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.


Source link

Related Articles

Back to top button