ലോണെടുത്തവർക്ക് ആശ്വസിക്കാൻ വകയില്ല, പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ

മുംബയ്: വായ്പയെടുത്തവർക്കും നിക്ഷേപകർക്കും ഒരുപോലെ നിർണായകമായ ആർബിഐ പണനയ പ്രഖ്യാപനം പുറത്തുവന്നു. പ്രതീക്ഷിച്ചപോലെ തന്നെ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി തീരുമാനിച്ചു. അതേസമയം, ആഗോള വിപണികളിൽ നിന്നുള്ള തിരിച്ചടികൾ ഇന്ത്യൻ ഓഹരി വിപണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. റിപ്പോ നിരക്ക് 5.25ശതമാനമായി മാറ്റമില്ലാതെ തുടരുന്നതിനാൽ ഭവന, വ്യക്തിഗത, വാഹനവായ്പകളിലെ പലിശനിരക്കിൽ മാറ്റമുണ്ടാകില്ല. ഡിസംബറിൽ പലിശ കുറച്ച ആർബിഐ ഇക്കുറി തൽസ്ഥിതി തുടരാനാണ് തീരുമാനിച്ചത്.
അമേരിക്കയുമായുള്ള വ്യാപാര കരാറിനെത്തുടർന്ന് ശക്തമായ വളർച്ചയും താരിഫുകളുടെ സമ്മർദ്ദം കുറയുന്നതും കാരണം മുൻ നിരക്ക് നിലനിർത്താനുള്ള തീരുമാനം പ്രതീക്ഷിച്ചതുപോലെയായിരുന്നു. ഇന്ത്യ ഏറ്റവും വേഗത്തിൽ വളർന്ന് വരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഒന്നായി തുടരുന്നതിനാൽ യുഎസ് വ്യാപാര കരാർ സമ്പദ്വ്യവസ്ഥയ്ക്ക് ശുഭസൂചന നൽകുന്നുവെന്ന് മൽഹോത്ര പറഞ്ഞു. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ മികച്ച നിലയിലാണെന്നും ആർബിഐ ഗവർണർ പറഞ്ഞു.
ഡിജിറ്റൽ സ്വർണമെന്ന് വിശേഷിപ്പിക്കപ്പെട്ട ബിറ്റ്കോയിന് നിക്ഷേപകർക്കിടയിൽ വിശ്വാസം നഷ്ടമാകുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിൽ 1,26,000 ഡോളറായിരുന്ന വില നിലവിൽ 63,000 ഡോളറായി കുറഞ്ഞു. ക്രിപ്റ്റോയിൽ നിന്ന് പിൻവാങ്ങുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് മാറുകയാണ്. 2025ൽ സ്വർണം 68ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ബിറ്റ്കോയിൻ 30ശതമാനം ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ വില താഴ്ന്നതിനാൽ കേരളത്തിലും ഇന്ന് സ്വർണവില കുറഞ്ഞു.
Source link