ലോണടച്ച് ജീവിതം തീർക്കാനില്ല, ട്രക്കിനെ സ്വപ്നവീടാക്കി മാറ്റി യുവതി

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അതിന് വേണ്ടിവരുന്ന ചെലവിനെ കുറിച്ച് ആലോചിക്കുമ്പോൾ പലരും പിൻവാങ്ങുകയാണ് ചെയ്യുന്നത്. വീട് നിർമ്മാണത്തിന് ബാങ്കുകൾ ലോൺ തരുമെങ്കിലും അത് അടച്ചുതീർക്കുക എന്നത് വലിയ ഒരു കടമ്പയാണ്. ഈ പശ്ചാത്തലത്തിൽ ലോണില്ലാതെ വീട് നിർമ്മിക്കാനിറങ്ങിയ യുവതിയുടെ അനൂഭവമാണ് ശ്രദ്ധേയമാകുന്നത്.
ഭവന പ്രതിസന്ധി രൂക്ഷമായ ആസ്ട്രേലിയയിലാണ് സംഭംവ. 40000 ഡോളറിന് (33 ലക്ഷം രൂപ) സ്വന്തമായി വീട് നിർമ്മിച്ചിരിക്കുകയാണ് 26 കാരിയായ കിയ ഹംബർസ്റ്റോൺ. സ്വന്തമായി ഒരു കിടപ്പാടം ഉറപ്പാക്കാൻ നിങ്ങളുടെ ജീവിതം ബാങ്കിൽ പണയം വയ്ക്കേണ്ടതില്ലെന്ന് കിയ പറയുന്നു. ഒരു വിന്റേജ് ട്രക്കും ട്രെയിലറുമാണ് വീട് നിർമ്മാണത്തിന് കിയ ഉപയോഗിച്ചത്. 5000 ഡോളറാണ് ഇവ വാങ്ങുന്നതിന് കിയയ്ക്ക് വേണ്ടി വന്നത്.
തുരുമ്പിച്ച ഭാഗങ്ങൾ മാറ്റുന്നതും ഫൈബർ ഗ്ലാസ് പാച്ചുകൾ പിടിപ്പിക്കുന്നതുമെല്ലാം കിയ തനിയെയാണ് ചെയ്യുന്നത്. പരമാവധി പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പതിറ്റാണ്ടുകൾ നീളുന്ന ഹൗസിംഗ് ലോണുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്ന് കിയ പറയുന്നു. ഇതാദ്യമായല്ല കിയ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. കൊവിഡ് കാലത്ത് വെറും 12,000 ഡോളറിന് അവൾ തന്റെ ആദ്യത്തെ ‘ട്രക്ക് ഹോം’ നിർമ്മിച്ചിരുന്നു. രണ്ട് വർഷം അതിൽ താമസിച്ച ശേഷം 35,000 ഡോളറിന് അത് വിൽക്കുകയും ആ പണം ഉപയോഗിച്ച് ഓസ്‌ട്രേലിയയിലുടനീളം യാത്ര ചെയ്യുകയും ചെയ്തു.
“ബാങ്കുകൾക്ക് നമ്മുടെ ജീവിതം എഴുതിക്കൊടുക്കാതെ തന്നെ സ്വന്തമായി ഒരു വീട്ടിൽ താമസിക്കാൻ വഴികളുണ്ടെന്ന് യുവാക്കൾ അറിയണം. അതിനാണ് ഞാൻ ശ്രമിക്കുന്നത്” എന്നാണ് കിയ പറയുന്നത്. ഓസ്‌ട്രേലിയയിലെ കുതിച്ചുയരുന്ന വസ്തുവിലയും വാടകയും കാരണം വീട് വാങ്ങാൻ പ്രയാസപ്പെടുന്ന യുവാക്കൾക്ക് കിയയുടെ ഈ കൊച്ചുവീട് വലിയ പ്രചോദനമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും അവൾ പങ്കുവെക്കുന്നുണ്ട്. ഈ വീട് പൂർത്തിയായാൽ അതിൽ അവൾക്ക് യാത്രകളുമാവാം.
Source link



