റൺവേയിൽ നിന്ന് തെന്നിമാറി അപകടം; തേജസ് യുദ്ധവിമാനത്തിന് തകരാർ

ന്യൂഡൽഹി: വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ലാൻഡിംഗിനിടെ എയർബേസിലെ റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. ഫെബ്രുവരി ഏഴിനാണ് അപകടം നടന്നത്. വിമാനത്തിന് വലിയ തോതിൽ തകരാർ സംഭവിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെെലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയെന്നാണ് വിവരം.
പരിശീലന പറക്കൽ നടത്തിയശേഷം വിമാനം എയർബേസിലേക്ക് തിരിച്ചിറക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവത്തെത്തുടർന്ന് വിപുലമായ സാങ്കേതിക പരിശോധനകൾക്കായി മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങൾ വ്യോമസേന താൽക്കാലികമായി സേവനത്തിൽ നിന്ന് മാറ്റിനിർത്തി. തേജസ് ജെറ്റ് അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. 2024 മാർച്ചിൽ ജയ്സൽമീറിന് സമീപം തേജസ് വിമാനം തകർന്നുവീണിരുന്നു. 2025 നവംബറിൽ ദുബായ് എയർഷോയിലെ പ്രകടനത്തിനിടെയും മറ്റൊരു തേജസ് ജെറ്റ് തകർന്നുവീണിരുന്നു.
തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയർറോനോട്ടിക്സ് ലിമിറ്റഡ്, വ്യോമസേനയ്ക്ക് നൽകേണ്ട ‘തേജസ് മാർക്ക് 1 എ’ പതിപ്പിന്റെ വിതരണം വെെകുന്നതിനിടെയാണ് ഈ പുതിയ തിരിച്ചടി. 2021 ഫെബ്രുവരിയിൽ വ്യോമസേനയ്ക്കായി 83 തേജസ് എംകെ 1എ ജെറ്റുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയർറോനോട്ടിക്സ് ലിമിറ്റഡുമായി 48,000 കോടിരൂപയുടെ കരാർ ഒപ്പിട്ടിരുന്നു.
Source link



