ലോകകപ്പിന്റെ പേരിലും ഉടക്കിട്ട് ഇറാനും അമേരിക്കയും

ന്യൂയോർക്ക് \ടെഹ്റാൻ : ജൂണിൽ അമേരിക്ക,മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിൽ ഇറാൻ പങ്കെടുക്കുന്നതിനെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടി നൽകി ഇറാൻ. ലോകകപ്പിനെത്തുന്ന ഇറാൻ താരങ്ങളുടെ ജീവൻ സുരക്ഷിതമല്ലെന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിലൂടെ അറിയിച്ചത്. ഇതിനെതിരെ ഇറാൻ ഫുട്ബാൾ അസോസിയേഷൻ രംഗത്തെത്തി. ലോകകപ്പ് നടത്തുന്നത് ഫിഫ ആണെന്നും ഏതെങ്കിലും വ്യക്തിയോ രാജ്യമോ അല്ലെന്നും അവർ പറഞ്ഞു. യോഗ്യതാ ടൂർണമെന്റ് കളിച്ച് ജയിച്ചാണ് ഇറാൻ ബർത്ത് നേടിയതെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും പങ്കെടുക്കുന്ന കളിക്കാരുടെ സുരക്ഷ ഒരുക്കാൻ കഴിയാത്തവർക്ക് ആതിഥേയപദവി നൽകാൻ നൽകുന്നതെങ്ങനെയെന്നും ഇറാൻ ചോദ്യമുയർത്തി. ഇത് ഫിഫയെ കുഴപ്പത്തിലാക്കി. കഴിഞ്ഞയാഴ്ച ഇറാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കാനെത്തുന്ന കളിക്കാർക്ക് സുരക്ഷ ഒരുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോയ്ക്ക് ട്രംപ് ഉറപ്പുനൽകിയിരുന്നു. എതായാലും ഇറാൻ നിലപാട് കടുപ്പിച്ചതോടെ ഫിഫ വീണ്ടും ഇടപെട്ടു.ഇതോടെ സുരക്ഷിതമായി ലോകകപ്പ് നടത്തുമെന്ന് ട്രംപ് വീണ്ടും ഉറപ്പുനൽകി.
Source link



