LATEST

എസ്‌ഐആറിൽ ഇടപെടില്ല; സുപ്രീം കോടതിയെ സമീപിക്കാം, സംസ്ഥാന സർക്കാരിന്റെ ഹർജി അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി: എസ്‌ഐആർ നീട്ടിവയ്‌ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി അവസാനിപ്പിച്ച് ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിക്കാനും കോടതി ഉത്തരവിട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം നടപ്പാക്കാനുള്ള നീക്കം അശാസ്‌ത്രീയവും ദുരുദ്ദേശപരവുമാണെന്നും ആയിരുന്നു സംസ്ഥാന സർക്കാർ ആരോപിച്ചത്. കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടായിരുന്നു.

ബിജെപി ഒഴികെ യോഗത്തിൽ പങ്കെടുത്ത കക്ഷികളെല്ലാം സർക്കാർ തീരുമാനത്തെ പിന്തുണക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. എസ്‌ഐആർ അടിയന്തരമായി നിർത്തിവയ്‌ക്കണമെന്നും ഡിസംബർ 20ന് ശേഷം മാത്രമേ നടപ്പിലാക്കാൻ പാടുള്ളു എന്നുമായിരുന്നു ആവശ്യം. മാത്രമല്ല, തദ്ദേശതിരഞ്ഞെടുപ്പിനിടെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്‌തംഭനത്തിന് കാരണമാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.

ഡിസംബർ നാലിനാണ് എസ്‌ഐആർ പൂർത്തിയാക്കേണ്ടത്. തദ്ദേശതിരഞ്ഞെടുപ്പ് ഡിസംബർ ഒമ്പത്, പതിനൊന്ന് തീയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുണ്ടാകുമെന്നായിരുന്നു സർക്കാർ വാദം. 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭരണസ്‌തംഭനം ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button