ലോകം ഞെട്ടിയ കണ്ടുപിടിത്തം; മരണപ്പെട്ടിട്ടും മറ്റുള്ളവർക്കായി ജീവിക്കുന്ന സ്‌ത്രീ

സാധാരണ പുകയിലത്തോട്ടം തൊഴിലാളിയായ ഒരു സ്‌ത്രീ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള ലാബുകളിലൂടെ ജീവിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ പേര് ഹെൻറിയേറ്റ ലാക്‌സ്. വൈദ്യശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളിൽ നിർണായകമായ ഹീലാ കോശങ്ങളുടെ ഉടമ. അമേരിക്കയിലെ വർജീനിയയിലാണ് ഹെൻറിയേറ്റ ജനിച്ചത്.
1951ൽ അഞ്ച് കുഞ്ഞുങ്ങളുടെ അമ്മയായ ഹെൻറിയേറ്റ ലാക്‌സ് യോനിയിൽ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രശസ്തമായ ജോൺസ് ഹോപ്‌കിൻസ് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി മാസങ്ങൾക്കകമായിരുന്നു അത്. അവിടെ നടത്തിയ പരിശോധനയിൽ അവർക്ക് സെർവിക്കൽ ക്യാൻസർ ആണെന്ന് കണ്ടെത്തി. അക്കാലത്ത് ദരിദ്രരായ ആഫ്രിക്കൻ-അമേരിക്കക്കാരെ ചികിത്സിക്കാൻ മാത്രമുള്ള ചുരുക്കം ചില ആശുപത്രികളിലൊന്നായിരുന്നു ദി ജോൺസ് ഹോപ്‌കിൻസ്.
ചികിത്സയുടെ ഭാഗമായി ഡോക്‌ടർമാർ അവരുടെ ശരീരത്തിൽ നിന്നും കാൻസർ കോശങ്ങളുടെ സാമ്പിൾ എടുത്തു. ഡോ.ജോർജ്ജ് ഗേയുടെ ലാബിൽ നടത്തിയ പരിശോധനയിൽ ശാസ്‌ത്രലോകത്തെ ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലുണ്ടായി. മറ്റു മനുഷ്യരുടെ
കോശങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ആ കോശങ്ങളിൽ കണ്ടെത്തി. അവയ്‌ക്ക് മരണമുണ്ടായിരുന്നില്ല. 1951 ഒക്‌ടോബറിൽ ഹെൻറിയേറ്റ മരണത്തിന് കീഴടങ്ങിയെങ്കിലും അവരുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങൾ മരിക്കാൻ തയ്യാറായിരുന്നില്ല.
അനശ്വരതയ്‌ക്ക് പിന്നിൽ
സാധാരണ മനുഷ്യകോശങ്ങൾ ശരീരത്തിന് പുറത്ത് വളരെക്കുറച്ച് മാത്രമെ വിഭജിക്കപ്പെടാറുള്ളു. അവയുടെ വിഭജനം വളരെപ്പെട്ടെന്ന് നിലയ്‌ക്കുകയും പിന്നീടവ നശിച്ചുപോകുകയും ചെയ്യും. എന്നാൽ, ഹെൻറിയേറ്റയുടെ കോശങ്ങൾ ലാബിലെ കൃത്രിമസാഹചര്യത്തിലും നിർത്താതെ വിഭജിച്ചുകൊണ്ടിരുന്നു. ഓരോ 24 മണിക്കൂറിലും അവ ഇരട്ടിയായി. അങ്ങനെ ശാസ്‌ത്രലോകം അത്രയും നാൾ തിരഞ്ഞുകൊണ്ടിരുന്ന ‘അനശ്വരകോശങ്ങൾ’ (Immortal cells) ആദ്യമായി ലഭിച്ചു. ഹീലാ കോശങ്ങൾക്ക് 76 മുതൽ 80 വരെ ക്രോമസോമുകളുണ്ട്. അതേസമയം, സാധാരണ മനുഷ്യകോശങ്ങൾക്ക് 46 ക്രോമസോമുകളേയുള്ളു. ഹെൻറിയേറ്റ ലാക്സ് എന്ന് പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ഈ കോശങ്ങളെ ഹീല എന്ന് വിളിച്ചു.
പിന്നീട് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കുന്ന മരുന്നുകളുടെ കണ്ടെത്തലുകളിൽ ഹീലാ കോശങ്ങൾ നിർണായക ഘടകമായി. വിഷവസ്‌തുക്കൾ, മരുന്നുകൾ, ഹോർമോണുകൾ, വൈറസുകൾ എന്നിവ കാൻസർകോശങ്ങളുടെ വളർച്ചയിൽ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് പഠിക്കാനായി ഹീലാ കോശങ്ങൾ ഉപയോഗിച്ച് വരുന്നു.
പോളിയോ വാക്‌സിൻ, ക്യാൻസർ പഠനങ്ങൾ, എയിഡ്‌സ് പഠനങ്ങൾ, പാർക്കിൻസൺ രോഗം, ജനിതകപഠനങ്ങൾ തുടങ്ങി കൊവിഡ് വാക്‌സിൻ നിർമാണത്തിൽ വരെ ഹീലാ കോശങ്ങൾ നിർണായക പങ്ക് വഹിച്ചു. ശൂന്യാകാശത്തെ വികിരണങ്ങൾ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചതും ഹീലാ കോശങ്ങളാണ്.
മറനീക്കി പുറത്തുവന്ന അനീതിയുടെ കഥ
നോബേൽ സമ്മാനങ്ങൾക്കുവരെ അർഹമായ കണ്ടുപിടുത്തങ്ങളിൽ ഹീലാ കോശങ്ങൾ പങ്ക് വഹിച്ചപ്പോഴും അതിന് പിന്നിൽ വലിയൊരു നീതികേട് മറഞ്ഞിരുന്നു. ഹെൻറിയേറ്റയുടെയോ അവരുടെ കുടുംബത്തിന്റെയോ അനുവാദമില്ലാതെയാണ് ആ കോശങ്ങൾ ശേഖരിച്ചതും ഉപയോഗിച്ചതുമെല്ലാം. പതിറ്റാണ്ടുകളോളം ആ കുടുംബം ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ഈ കോശങ്ങൾ ഉപയോഗിച്ച് ഗവേഷകർ കോടിക്കണക്കിന് ലാഭമുണ്ടാക്കിയപ്പോഴും ഹെൻറിയേറ്റയുടെ കുടുംബം ദാരിദ്രയത്തിലാണ് കഴിഞ്ഞത്. ഹീലാ കോശങ്ങൾ ഉപയോഗിച്ച് വൻതോതിൽ ലാഭമുണ്ടാക്കിയ ‘തെർമോ ഫിഷൻ സൈന്റഫിക്’ എന്ന ബയോടെക്‌നോളജി കമ്പനിക്കെതിരെ കുടുംബം കേസ് ഫയൽ ചെയ്‌തു. 2023 ആഗസ്റ്റ് ഒന്നിന് ഹെൻറിയേറ്റയുടെ 103-ാം ജന്മദിനത്തിൽ കുടുംബത്തിന് അനുകൂലമായ വിധി വന്നു. രോഗിയുടെ സമ്മതമില്ലാതെ ശരീരഭാഗങ്ങൾ ഉപയോഗിക്കുന്നത് അന്യായമായ ലാഭം കൊയ്യലാണെന്ന വാദം കോടതി അംഗീകരിച്ചു. ലോകത്ത് മെഡിക്കൽ എത്തിക്‌സുകളെക്കുറിച്ചുള്ള ചർച്ചകളിലും ഈ വിധി നിർണായകമായി.
Source link



